മുംബൈ > ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽ എൻസിബി മുംബൈ സോണൽ ഡയറക്ടറായ സമീർ വാംഗഡെയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് നാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉത്തരവിട്ടു.
കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ 25 കോടിയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് എൻസിബി ഉത്തരവിട്ടത്. എൻസിബി ഡെപ്യൂട്ടി ഡയറക്ടര് ജനറൽ ഗ്യാനേശ്വര് സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ എൻസിബി അറസ്റ്റുചെയ്ത ആര്യന് ഖാനെ വിട്ടയക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ സമീര് വാംഖഡെയും സാക്ഷി കെ പി ഗോസാവിയും കോടികൾ കൈക്കൂലിയായി കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര് സെയിലിന്റെ വെളിപ്പെടുത്തൽ.
കേസിൽ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും സാക്ഷിയായ തന്നില്നിന്ന് ഉദ്യോഗസ്ഥര് വെള്ളപേപ്പറുകളില് ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര് ആരോപിച്ചു. സാം ഡിസൂസ എന്നയാളുമായി ഗോസാവി നടത്തിയ ഇടപാടിൽ എട്ട് കോടി സമീര് വാംഖഡെയ്ക്ക് നല്കിയെന്നും പ്രഭാകര് വെളിപ്പെടുത്തി. എന്നാല് സമീര് വാംഖഡെയും എന്സിബി ഉദ്യോഗസ്ഥരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.