ലോകത്ത് ഒരിടത്തും മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത ആഴ്സനിക് ആൽബം എന്ന മരുന്നിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഈ മരുന്ന് വിതരണം ചെയ്യാനുള്ള നടപടികളിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെനനുമാണ് ഐഎംഎയുടെ ആവശ്യം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎംഎയുടെ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുട്ടികള്‍ക്ക് കൊവിഡ് 19 ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത തീരെ കുറവാണ്. കൂടാതെ നിലവിൽ കുട്ടികള്‍ക്ക് വാക്സിൻ പോലും ആവശ്യമില്ലാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കുട്ടികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലാത്ത മരുന്ന് വിതരണം ചെയ്യരുതെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ആവശ്യപ്പെടുന്നത്.
Also Read:
കൊവിഡ് 19 മഹാമാരിയുടെ തുടക്കകാലം മുതലേ ആഴ്സനിക് ആൽബം എന്ന മരുന്ന് ഉപയോഗപ്രദമാണെന്ന് ഹോമിയോ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു. 200 വര്‍ഷമായി മരുന്ന് ഉപയോഗത്തിലുള്ള മരുന്നിന് ദൂഷ്യവശങ്ങളില്ലെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം. സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ പ്രത്യേക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് മരുന്ന് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിച്ചതും.
Also Read:
- എന്താണ് ആഴ്സനിക് ആൽബം 30?സാധാരണ പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ക്ക് ഹോമിയോ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ആഴ്സനിക് ആൽബം. ആഴ്സനിക് എന്ന മൂലം ഡിസ്റ്റിൽഡ് വാട്ടറിനൊപ്പം ചേര്‍ത്ത് തിളപ്പിച്ചാണ് ഈ മരുന്ന് തയ്യാറാക്കുന്നത്. ദീര്‍ഘകാലം ഉപയോഗിച്ചാൽ ത്വക്കിലെ ക്യാൻസര്‍, ശ്വാസകോശ, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുള്ള ലോഹമാണ് ആഴ്സനിക്. എന്നാൽ നേര്‍പ്പിക്കുന്തോറും വീര്യം കൂടുമെന്ന ഹോമിയോപ്പതി സിദ്ധാന്തം അനുസരിച്ച് പല വട്ടം വെള്ളത്തിൽ നേര്‍പ്പിക്കുന്ന ഈ മരുന്നാണ് രോഗികള്‍ക്ക് ലഭിക്കുകയെന്നാണ് ഹോമിയോ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിൽ ഒരു ശതമാനത്തിൽ താഴെ ആഴ്സനിക് മാത്രമാണ് മരുന്നിൽ ഉണ്ടാകുക എന്ന് മുംബൈയിലെ ഹോമിയോ ഡോക്ടറായ ഡോ. അമൃഷ് വിജയകര്‍ പറയുന്നു. വയറിളക്കം, ചുമ, ജലദോഷം എന്നിവ പരിഹരിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു കോഴ്സ് മരുന്നിന് 30 രൂപയിൽ താഴെ മാത്രമാണ് വില.
- ആഴ്സനിക് ആൽബം കൊവിഡ് പ്രതിരോധത്തിന് സഹായകമാണോ?കൊവിഡ് 19 പ്രതിരോധത്തിനായി ആഴ്സനിക് ആൽബം ഉപയോഗിക്കാമെന്ന് ഇതുവരെ ഐസിഎംആറോ ലോകാരോഗ്യ സംഘടനയോ ശുപാര്‍ശ ചെയ്തിട്ടില്ല. ആഴ്സനിക് ആൽബം കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് തങ്ങള്‍ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബൽറാം ഭാര്‍ഗവ മുൻപ് ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞിരുന്നു. കൊവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഈ മരുന്ന് ഫലപ്രദമാണെന്ന് ഒരു തെളിവുമില്ലെന്നായിരുന്നു ഡബ്ല്യൂ എച്ച് ഓ ചീഫ് സയൻ്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചത്.
- ആഴ്സനിക് ആൽബം ഫലപ്രാപ്തി പരീക്ഷിച്ചു തെളിഞ്ഞിട്ടുണ്ടോ?ലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ ചികിത്സിക്കാനും രോഗം വരാതിരിക്കാൻ പ്രതിരോധ മരുന്നായുമാണ് ആഴ്സനിക് ആൽബം മുൻപ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശുപാർശ ചെയ്തത്. കൊവിഡിനെതിരെ ഫലപ്രദമായ മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആഴ്സനിക് ആൽബം ഉപയോഗിക്കാമെന്നായിരുന്നു മുൻപ് ആയുഷ് മന്ത്രാലയത്തിൻ്റെ നിർദേശം. എന്നാൽ ഈ സാഹചര്യം ഇന്ന് മാറിയിട്ടുണ്ട്. എന്നാൽ ഹോമിയോ മരുന്നകുൾ ഓരോ ശരീരത്തിലും വെവ്വേറെ തലത്തിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാവർക്കും ഒരേ മരുന്ന് നൽകുന്നത് ശരിയല്ലെന്നുമാണ് ചില ഹോമിയോ വിദഗ്ധർ പറയുന്നത്. ഈ മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണഫലങ്ങള്‍ ലഭ്യമാക്കാത്തതിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിലിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.