ലണ്ടൻ
ഓൾഡ് ട്രാഫോർഡ് മരണവീടായി. മുഹമ്മദ് സലാ എന്ന ലിവർപൂളുകാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പാരമ്പര്യത്തെ നെടുകെ പിളർന്നു. സലായുടെ ഹാട്രിക്കിൽ ലിവർപൂൾ അഞ്ച് ഗോളിന് യുണൈറ്റഡിനെ ചാരമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ഹാട്രിക് നേടുന്ന ആദ്യതാരമായി സലാ. ലിവർപൂളിനായി തുടർച്ചയായ പത്താം കളിയിലാണ് സലാ ഗോളടിക്കുന്നത്. നബി കെയ്റ്റയും ദ്യേഗോ യൊട്ടയും ലിവർപൂളിന്റെ പട്ടിക തികച്ചു.
രണ്ടാംപകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിനായി വല കണ്ടെങ്കിലും വാർ തടഞ്ഞു. പകരക്കാരനായെത്തി 15 മിനിറ്റിനുള്ളിൽ പോൾ പോഗ്ബ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതും യുണൈറ്റഡിന് തിരിച്ചടിയായി. വമ്പൻ തോൽവിയോടെ പരിശീലകൻ ഒലേ ഗുണ്ണാർ സോൾചെയർ പുറത്താകാനുള്ള സാധ്യതയും വർധിച്ചു. ഒമ്പത് കളിയിൽ 21 പോയിന്റുമായി ലിവർപൂൾ രണ്ടാമതാണ്. ചെൽസിയാണ് (22) ഒന്നാമത്.















