തിരുവനന്തപുരം
കെ സുധാകരൻ സ്വയം വളരാനായി ഉണ്ടാക്കിയ ‘കെ എസ് ബ്രിഗേഡ്’ ആണ് ഇന്ന് കോൺഗ്രസിലെ പ്രധാന പ്രശ്നമെന്ന് മുതിർന്ന നേതാവ് വി എം സുധീരൻ. അതൊരു സമാന്തര സംഘടനയാണ്. കെപിസിസി അധ്യക്ഷനായിരിക്കെ തന്നെ ഈ ബ്രിഗേഡിന്റെ പരിപാടിക്ക് വിളിച്ചു. സമാന്തര സംഘടനയാണ് അതുകൊണ്ട് വരില്ലെന്ന് പറഞ്ഞു. പാർടി തീരുമാനങ്ങളിൽ വിയോജിപ്പ് പറഞ്ഞാൽ അവരെ തേജോവധം ചെയ്യുന്ന രീതി ഇപ്പോഴുണ്ടായതാണ്. ഇനി സംഘടനാപരമായ ഒരുകാര്യത്തിലും ഇടപെടില്ലെന്നും അഭിപ്രായം പറയില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധീരൻ പറഞ്ഞു.
വിഷമത്തോടെയാണ് രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചത്. എഐസിസിയുടെ ശ്രദ്ധയിൽ അവതരിപ്പിച്ചിട്ടും ഇടപെടാത്തതിനാൽ അവിടെനിന്നും രാജിവച്ചു. കൂട്ടായി നയിക്കാമായിരുന്ന സുവർണാവസരമാണ് പുതിയ നേതൃത്വം കളഞ്ഞുകുളിച്ചത്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തന്നെ സന്ദർശിക്കുന്നത് സുധാകരൻ തടഞ്ഞു.
നേരത്തേ ഗ്രൂപ്പുകളാണ് ഭാരവാഹികളെ പങ്കിട്ടതെങ്കിൽ ഇന്ന് നാലോ അഞ്ചോ പേർ വീതിച്ചെടുക്കുന്നു. പുതിയ ഭാരവാഹിപ്പട്ടികയിൽ അനർഹരുണ്ട്. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് താൻ പരസ്യമായി ശാസിച്ചയാളടക്കം കയറിക്കൂടി. പാർടിയെ നന്നാക്കാനാണ് തന്റെ വിമർശമെന്ന കാര്യംപോലും ഇവർക്ക് മനസ്സിലാകുന്നില്ലെന്നും സുധീരൻ പറഞ്ഞു.