കോഴിക്കോട് > ഭാരവാഹിത്വത്തില്‍ വനിതകളെയും പുതുമുഖങ്ങളെയും തഴഞ്ഞതില്‍ മുസ്ലിംയൂത്ത്ലീഗില് പ്രതിഷേധം കനക്കുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന മുനവറലിയെയും പി കെ ഫിറോസിനെയും വീണ്ടും നേതൃത്വത്തില്‍ അടിച്ചേല്പിച്ചതിലാണ് പ്രതിഷേധം. തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കെതിരെ വിവിധ ജില്ലാകമ്മിറ്റികളും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി പി എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി എതിര്‍പ്പ് പരസ്യമാക്കി. റിട്ടേണിങ് ഓഫീസര്‍ പി എം എ സലാമിന് പരാതി യുംനല്‍കി.നിലവില്‍ ഭാരവാഹിയായ ആഷിഖ് ചെലവൂരിനെ ഒഴിവാക്കിയതിലാണ് അതൃപ്തി. മലപ്പുറത്ത് നിന്നുള്ള വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖിതങ്ങള്‍ എന്നിവരോട് മലപ്പുറത്തെ നേതൃത്വത്തിന് സ്വീകാര്യമല്ല. ടി പി അഷ്റഫലിയെയാണ് ഇവര്‍ പിന്തുണക്കുന്നത്. നഗരസഭാ ചെയര്‍മാനായ മുജീബിനെ ഭാരവാഹിയാക്കിയത് സംഘടനക്ക് വേണ്ടിയല്ല ചില നേതാക്കളുടെ ഇഷ്ടപ്രകാരമെന്നാണ് ആരോപണം. ഫൈസലിനെതിരെ പൊന്നാനിയില്‍ നിന്നും പ്രതിഷേധമുണ്ട്.
പ്രായത്തിന്റെ പേരില്‍ ജില്ലകളില്‍ നേതാക്കളെ തഴഞ്ഞപ്പോള്‍ മാനദണ്ഡം മറികടന്ന് മുനവറലി തങ്ങളെ തുടരാന്‍ അനുവദിച്ചതിനെയും ചോദ്യംചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഫിറോസും പ്രായപരിധി കഴിഞ്ഞതാണ്. 2016–ല്‍ ഭാരവാഹിയായതാണ് ഇരുവരും. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാത്തതിന് പിന്നില്‍ നേതാക്കളുടെ താല്പര്യമാണെന്ന പരാതിയും ശക്തം. ഹരിത നേതാക്കളെയും അഷ്റഫലിയെയും പിന്തുണക്കുന്നതായി നടിച്ച ഫിറോസിന്റെ കാപട്യം സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യക്തമായായും നേതാക്കള്‍ പറയുന്നു. സാദിഖലി തങ്ങള്‍ കണ്ണുരുട്ടിയപ്പോള്‍ സ്ഥാനം സംരക്ഷിക്കാന്‍ അഷ്റഫലിയെയും ഹരിതയെയും ഫിറോസ് പെരുവഴിയിലാക്കിയെന്ന ആക്ഷേപമുയര്ത്തുന്നവരും കുറവല്ല.