മലപ്പുറം > പുതുതായി പ്രഖ്യാപിച്ച യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് മരവിപ്പിച്ചു. സംസ്ഥാന ഭരവാഹി തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ച് നിമിഷങ്ങൾക്കകമാണ് സംസ്ഥാന സെക്രട്ടറിയറ്റ് മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം.
മലപ്പുറം, എറണാകുളം ജില്ലാ കൗൺസിൽ അംഗങ്ങൾ ബഹളം വെച്ചതിനെത്തുടർന്നാണ് സെക്രട്ടറിയറ്റ് മരവിപ്പിക്കാനുള്ള തീരുമാനം. അതേസമയം, സംസ്ഥാന കമ്മിറ്റി പുനസംഘടനയ്ക്ക് ശേഷവും യൂത്ത് ലീഗിൽ പ്രശ്നങ്ങൾ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി പി എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസർ പി എം എ സലാമിന് കത്ത് നൽകിയിരുന്നു.
വനിതകൾക്ക് ഭാരവാഹിത്വവും സംസ്ഥാന കൗൺസിൽ അംഗത്വം നൽകാതെയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യമെന്ന മുസ്ലിംലീഗ് വാഗ്ദാനവും നടപ്പായില്ല. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടായതിനാൽ പ്രസിഡന്റായി മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാൻ തീരുമാനിക്കുകയായിരുന്നു. ഭാരവാഹിത്വത്തിൽ തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലാകമ്മിറ്റികളെ പരിഗണിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
എംഎസ്എഫ് വനിതാവിഭാഗമായ ഹരിതയിലെ മുൻ നേതാക്കളെ ഉൾപ്പെടുത്തുന്നതിൽ നേതൃതലത്തിലുള്ള എതിർപ്പാണ് യുവതികളുടെ പ്രവേശനം തടഞ്ഞത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയ ഹരിത നേതാക്കളെ ഉൾപ്പെടുത്തുന്നതിനെ പാണക്കാട് സാദിഖലി തങ്ങളാണ് എതിർത്തത്. ലീഗ് നടപടിയെടുത്ത എംഎസ്എഫ് എഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയയെയും ഉൾപ്പെടുത്തിയില്ല. ഹരിത വിഷയത്തിൽ അനുകൂലമായി നിലപാടെടുത്ത എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷ്റഫലിയെയും ഭാരവാഹിത്വത്തിൽ പരിഗണിച്ചിരുന്നില്ല.