ദുബായ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായി ഒരു ജയം ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ എത്ര നാള്‍ ഇനിയും കളിക്കേണ്ടി വരും? 1990 കാലഘട്ടത്തില്‍ ലോകത്തിലെ എക്കാലത്തേയും മികച്ച നിരയായിരുന്നു പാക്കിസ്ഥാന്റേത്. എന്നിട്ടും 1992, 1996, 1999 ലോകകപ്പുകളില്‍ പരാജയം രുചിച്ചു. 21 -ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ സര്‍വാധിപത്യമായിരുന്നു കണ്ടത്. പാക്കിസ്ഥാന്റെ ശക്തിക്ഷയവും ലോകം കണ്ടു. ഇന്ന് മറ്റൊരു പോരാട്ടത്തിന് കൂടെ കളം ഒരുങ്ങുന്നതോടെ ക്രിക്കറ്റ് ആരാധകര്‍ അതിരില്ലാത്ത ആവേശത്തിലാണ്.
2019 ലോകകപ്പില്‍ ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തുന്നതിന് കാരണമായി. എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റിന് തുടക്കമാകും മുന്നെ ഇന്ത്യ സജ്ജമാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം കെ.എല്‍. രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തിച്ചു. രോഹിത് ശര്‍മ വിശ്വസ്തനായ ഓപ്പണറായി തുടരും. നായകന്‍ വിരാട് കോഹ്ലി മൂന്നാമതും ബാറ്റിങ് ഓര്‍ഡറിലിറങ്ങും. നാലമനായി സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിഗണനയില്‍.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാനുള്ള സാധ്യതകളില്ല. എങ്കിലും ടീമിന്റെ ആറാം നമ്പര്‍ ബാറ്ററാകും ഹാര്‍ദിക്. ബാറ്ററെന്ന നിലയിലെ ഹാര്‍ദിക്കിന്റെ സേവനമാണ് ടീമിനാവശ്യം. ഇക്കാര്യം വിരാട് കോഹ്ലി തന്നെ വ്യക്തമാക്കിയിരുന്നു. സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ഹാര്‍ദിക് 22 പന്തില്‍ 42 റണ്‍സ് നേടിയത് ഓര്‍ത്തെടുത്തായിരുന്നു കോഹ്ലിയുടെ വിശദീകരണം. എങ്കിലും സ്ഥിരമായി ആറാം ബോളര്‍ ഇല്ല എന്നത് ടീമിന് തിരിച്ചടിയാണ്.
മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാല്‍ സമ്പന്നമായതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. പവര്‍പ്ലേയില്‍ കോഹ്ലിയുടെ പ്രധാന ആയുധമാണ് വാഷിങ്ടണ്‍ സുന്ദര്‍. എന്നാല്‍ താരത്തിനേറ്റ പരിക്ക് രവിചന്ദ്രന്‍ അശ്വിന് നീലക്കുപ്പായത്തില്‍ മടങ്ങിയെത്താനുള്ള അവസരം ഒരുങ്ങി. സന്നാഹ മത്സരത്തില്‍ തിളങ്ങാന്‍ അശ്വിന് കഴിഞ്ഞിരുന്നു. എന്നാല്‍ സുന്ദറിന്റെ ബാറ്റിങ് മികവ് അശ്വിന് ഇല്ല എന്നത് ഒരു പോരായ്മായി അവശേഷിക്കുന്നു.
ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടങ്ങളിലേക്ക് നയിച്ച എം.എസ്. ധോണി ഉപദേശക സ്ഥാനത്തേക്ക് എത്തിയത് ടീമിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. ധോണിയുടെ പരിചയസമ്പത്തും ഏത് സാഹചര്യത്തിലും മത്സരം വരുതിയിലാക്കാനുള്ള മികവും മറ്റൊരു കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന പ്രതീക്ഷയും അന്തരീക്ഷത്തില്‍ സജീവമാണ്. ഉപദേശകനെന്ന നിലയില്‍ ധോണി തന്റെ സേവനം ഓരോ താരങ്ങള്‍ക്കും നല്‍കുന്നുണ്ട്. എട്ട് വര്‍ഷമായി ഐസിസി കിരീടമില്ല എന്ന പോരായ്മ നികത്താന്‍ ഇന്ത്യയ്ക്ക് ആകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നു.
Also Read: T20 World Cup: India vs Pakistan, Live Streming, When and Where to watch; ഇന്ത്യ-പാക് പോരാട്ടം ഇന്ന്
The post T20 World Cup: ലോകകപ്പില്‍ ആധിപത്യം ഇന്ത്യക്ക്; ചരിത്രം കുറിക്കാന്‍ പാക്കിസ്ഥാന്‍ appeared first on Indian Express Malayalam.