ഹുബെ പ്രവിശ്യയിലാണ് ഈ ‘റിച്ച് കല്യാണം’ നടന്നത്. ഈ പ്രദേശത്തും വിവാഹത്തിൽ സ്വർണം ധരിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു എന്ന് ട്രിബൺ സോളോ റിപ്പോർട്ട് ചെയ്യുന്നു. ഓരോന്നിനും ഒരു കിലോഗ്രാം ഭാരമുള്ള 60 സ്വർണമാലകൾ വധുവിന് വരൻ സമ്മാനമായി നൽകിയതാണത്രേ. ഇത് മുഴുവൻ ധരിച്ചത് കൂടാതെ വലിപ്പമേറിയ രണ്ട് വളകളും വധു ധരിച്ചിട്ടുണ്ട്. വരന്റെ കുടുംബത്തിൽ നിന്നുള്ള സമ്മാനമാണത്രെ വള. ഹുബെ പ്രവിശ്യയിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് വരൻ.
ഭീമൻ മാലകൾ ധരിക്കുന്നത് അന്തസ്സിന്റെ അടയാളമായി വിവാഹത്തിൽ പങ്കെടുത്ത പലരും കണക്കാക്കിയെങ്കിലും ഇത്രയും ഭാരമേറിയ സ്വർണം ധരിച്ച് നടക്കാൻ തന്നെ വധു ബുദ്ധിമുട്ടി. വിവാഹത്തിൽ പങ്കെടുത്ത ഒരാൾ വധുവിനോട് സഹതാപം തോന്നി സഹായിക്കാൻ ചെന്നെങ്കിലും സൗമ്യമായി പുഞ്ചിരിച്ച് സുഖമായിരിക്കുന്നുവെന്നും വിവാഹ ചടങ്ങുകൾ കഴിയുന്നതുവരെ ഇവ ധരിച്ചോളാം എന്ന് വധു പറയുകയും ചെയ്തുവത്രേ.
സ്വർണ്ണം നല്ല ഭാഗ്യത്തിന്റെയും പദവിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നുവെന്നും ദുരാത്മാക്കളിൽ നിന്നും മോശം ഭാഗ്യങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുമെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. വൻതോതിൽ സ്വർണമാലകളും വളകളും ധരിച്ച വധുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.