കൊച്ചി > നാവികസേന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കൊച്ചിയിൽനിന്ന് ഗോവയിലേക്ക് സംഘടിപ്പിക്കുന്ന പായ്വഞ്ചി ഓട്ടമത്സരം ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. മത്സരത്തിൽ ഒരു മലയാളിവനിതയും പങ്കെടുക്കുന്നുണ്ട്. ലെഫ്റ്റനന്റ് കമാൻഡർ ദിൽന ദേവദാസാണ് ഞായറാഴ്ച പുറപ്പെടുന്ന പായ്വഞ്ചികളിലൊന്നിലെ മത്സരാർഥി. കോഴിക്കോട് സ്വദേശിയാണ്.
ഇന്ത്യൻ നേവൽ സെയിലിങ് അസോസിയേഷനും നേവിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഹ്ഡെയ്, തരിനി, ബുൾബുൾ, നീലകണ്ഠ്, കടൽപ്പുര, ഹരിയാൽ എന്നീ ആറു പായ്വഞ്ചികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം അഞ്ചുദിവസംകൊണ്ട് ഗോവയിൽ അവസാനിക്കും. കൊച്ചിമുതൽ ഗോവവരെ 360 നോട്ടിക്കൽ മൈൽ ദൂരമാണ് പായ്വഞ്ചികൾ സാഹസികയാത്ര നടത്തുന്നത്. ഓരോന്നിലും ആറു നാവികസേനാംഗങ്ങളുണ്ടാകും. ക്യാപ്റ്റൻ വിപുൽ മെഹറിഷി, ക്യാപ്റ്റൻ അടൂൾ സിൻഹ, ലെഫ്റ്റനന്റ് സിഡിആർ കെ പെഡ്നേക്കർ, ലെഫ്റ്റനന്റ് സിഡിആർ പായൽ ഗുപ്ത എന്നിവരാണ് നാവികസേനയിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്നത്. ദേശീയതലത്തിൽ വിവിധ ഇനങ്ങളിൽ മെഡലുകൾ നേടിയവരാണ് ഇവർ.