അബുദാബി > ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്ട്രേലിയ ട്വന്റി–-20 ലോകകപ്പിൽ ഉജ്വല തുടക്കം കുറിച്ചു. അഞ്ച് വിക്കറ്റിനാണ് ഓസീസിന്റെ ജയം. ബാറ്റർമാർ വിഷമിച്ച പിച്ചിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കേ മറികടന്നു. മാർകസ് സ്റ്റോയിനിസും (16 പന്തിൽ 24*) മാത്യു വെയ്ഡുമാണ് (10 പന്തിൽ 15* ) ഓസ്ട്രേലിയയെ ജയത്തിലേക്ക് അടുപ്പിച്ചത്. സ്റ്റീവ് സ്–മിത്ത് 34 പന്തിൽ 35 റണ്ണടിച്ചു. നാലോവറിൽ 19 റൺമാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഓസീസ് പേസർ ജോഷ് ഹാസെൽവുഡാണ് കളിയിലെ താരം. സ്കോർ: ദ.ആഫ്രിക്ക 9–118 ഓസീസ്: 5–121 (19.4).
ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫിഞ്ചിന്റെ തീരുമാനം ശരിവച്ചു ബൗളർമാർ. ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂടാരംകയറി. ക്യാപ്റ്റൻ ടെംബ ബവുമ (12), റാസി വാൻഡെർ ദുസെൻ (2) എന്നിവർ ആദ്യമേ മടങ്ങി. പരിചയസമ്പന്നനായ ക്വിന്റൺ ഡി കോക്കിന് (7) ഹാസെൽവുഡിന്റെ പന്തിൽ പിഴച്ചു. പിന്നിലേക്ക് പന്തടിക്കാൻ ശ്രമിച്ചു. പക്ഷേ, ബാറ്റിന്റെ പുറവശംകൊണ്ട് പന്ത് വിക്കറ്റിൽ വീണു. ഐദെൻ മാർക്രത്തിന് (36 പന്തിൽ 40) മാത്രമേ ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായുള്ളൂ. ഡേവിഡ് മില്ലർ 16 റണ്ണിന് പുറത്തായി. ഓസീസിനായി മിച്ചെൽ സ്റ്റാർകും ആദം സാമ്പയും രണ്ടുവീതം വിക്കറ്റുകൾ നേടി.
മറുപടിയിൽ നല്ലതുടക്കമായിരുന്നില്ല ഓസീസിനും. ഓപ്പണർമാരായ ഡേവിഡ് വാർണറും (14) ഫിഞ്ചും (0) പരാജയപ്പെട്ടു. മിച്ചെൽ മാർഷിന് 11 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. ഗ്ലെൻ മാക്–സ്–വെല്ലിനൊപ്പം (18) ചേർന്ന് സ്മിത്താണ് ഓസീസിന്റെ ജയത്തിന് അടിത്തറയിട്ടത്. ഇരുവരും മടങ്ങിയശേഷമെത്തിയ സ്റ്റോയിനിസും വെയ്ഡും പതറാതെ ജയംകണ്ടെത്തി.
28ന് ശ്രീലങ്കയുമായാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ദക്ഷിണാഫ്രിക്ക 26ന് വിൻഡീസിനെ നേരിടും.
റഷീദ് മാജിക്
ദുബായ് > ട്വന്റി–20യിൽ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ ആദിൽ റഷീദ് ചാരമാക്കി. വെറും 55 റണ്ണിനാണ് വിൻഡീസ് കൂടാരം കയറിയത്. റഷീദ് 2.2 ഓവറിൽ രണ്ടു റൺമാത്രം വിട്ടുനൽകി നാല് വിക്കറ്റ് നേടി. 14.2 ഓവർമാത്രമേ വിൻഡീസ് പിടിച്ചുനിന്നുള്ളൂ. ഇംഗ്ലണ്ട് 8.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഓരോ ജയമായി.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോവിൻ മോർഗൻ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽത്തന്നെ വിൻഡീസ് അപകടം മണത്തു. ആറു റണ്ണെടുത്ത എവിൻ ലൂയിസ് ക്രിസ് വോക്സിന്റെ പന്തിൽ പുറത്തായി. ലെൻഡൽ സിമ്മൺസ് (3) മൊയീൻ അലിക്കുമുന്നിൽ പതറി. 13 റണ്ണെടുത്ത ക്രിസ് ഗെയ്ൽമാത്രം വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടു. കൂറ്റനടിക്കാരൻ ആന്ദ്രേ റസൽ റണ്ണെടുക്കുംമുമ്പ് മടങ്ങി. ക്യാപ്റ്റൻ കീറൺ പൊള്ളാർഡിന്റെ സംഭാവന ആറു റൺ. റസലിനെയും പൊള്ളാർഡിനെയും റഷീദാണ് മടക്കിയത്. മൊയീൻ അലിയും ടൈമൾ മിൽസും രണ്ടുവീതം വിക്കറ്റെടുത്തു.
ലോകകപ്പിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണിത്. നെതർലൻഡ്സിന്റെ പേരിലുള്ള 39, 44 എന്നീ സ്കോറുകളാണ് പട്ടികയിൽ ആദ്യം. വിൻഡീസിന്റെ രണ്ടാമത്തെ മോശം സ്കോറുമാണിത്. 45 ആണ് വിൻഡീസിന്റെ മോശം സ്കോർ.
ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്ലർ 24 റണ്ണുമായി പുറത്താകാതെ നിന്നു.