ദുബായ് >വിരാട് കോഹ്ലിക്ക് ഒരു ലോകകിരീടം വേണം. ദുബായിൽ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ പൂർണവിശ്വാസത്തിലാണ് ഇന്ത്യ. ട്വന്റി–-20 ലോകകപ്പിലെ പ്രഥമ ചാമ്പ്യൻമാർക്ക് 2007നുശേഷം ആ മികവുണ്ടായിട്ടില്ല. അവസാന ലോകകപ്പിൽ സെമിയിൽ തോറ്റു. ഇക്കുറി മികച്ച സംഘമാണ് ഇന്ത്യക്ക്. എങ്കിലും പാകിസ്ഥാൻ വെല്ലുവിളി ഉയർത്തും.
മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ബൗളിങ് നിരയും സുസജ്ജം. പേസർമാരും സ്പിന്നർമാരും മികവുകാട്ടുന്നു. യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളിൽ ബൗളർമാരുടെ പ്രകടനം നിർണായകമാകും. പ്രഥമ ലോകകപ്പിലെ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ഉപദേശകനായി ടീമിനൊപ്പമുണ്ട്. ധോണിയുടെ തന്ത്രങ്ങൾ ടീമിന് ഗുണം ചെയ്യും.
ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരാണ് ബാറ്റിങ് നിരയിലെ ശ്രദ്ധേയർ. ഒറ്റയ്ക്ക് കളിഗതി മാറ്റിമറിക്കാൻ ഇരുവർക്കും കഴിയും. രാഹുൽ ഐപിഎല്ലിലും സന്നാഹമത്സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തി. ഇന്ത്യൻ ബാറ്റിങ് നിരയുടെ പുതിയ സൂപ്പർതാരമായ സൂര്യകുമാറിന് തുടക്കത്തിലെ മികവ് നിലനിർത്താനാകുന്നില്ല. മുതിർന്ന താരങ്ങളായ കോഹ്ലിയുടെയും രോഹിത് ശർമയുടെ പ്രകടനം നിർണായകമാകും. രാഹുൽ–-രോഹിത് ഓപ്പണിങ് സഖ്യം നന്നായി തുടങ്ങിയാൽ ഏതു കളിയും ഇന്ത്യക്ക് വരുതിയിലാക്കാം.
ബാറ്റിങ് നിരയുടെ നെടുന്തൂണായിരുന്ന ക്യാപ്റ്റൻ കോഹ്ലിയുടെ മോശം ഫോമാണ് ആശങ്ക. ഐപിഎല്ലിലും സന്നാഹമത്സരങ്ങളിലും കോഹ്ലിയുടെ പ്രകടനം മോശമായിരുന്നു. അനായാസം റൺ കണ്ടെത്താനാകുന്നില്ല. ലോകകപ്പോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് കോഹ്ലി. ഈ ലോകകപ്പ് കോഹ്ലിക്ക് നിർണായകമാണ്.
വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും ഇഷാൻ കിഷനും ബാറ്റിങ് നിരയുടെ ആഴംകൂട്ടുന്നു. മികച്ച ഫോമിലുള്ള കിഷനെ എവിടെ ഉൾക്കൊള്ളിക്കുമെന്നത് ടീം മാനേജ്മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മോശം പ്രകടനമാണ് മറ്റൊരു ആശങ്ക. പാണ്ഡ്യയെ കളിപ്പിക്കുമെന്ന് കോഹ്-ലി വ്യക്തമാക്കി. ബാറ്റിലും പന്തിലും ഒരുപോലെ മികവുകാട്ടുന്ന രവീന്ദ്ര ജഡേജയാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഫീൽഡിങ്ങിലും ജഡേജയാണ് നമ്പർ വൺ.
ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ശർദുൾ താക്കൂർ എന്നിവർ പേസ് നിരയിൽ. ജഡേജയ്ക്കൊപ്പം ആർ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവർ സ്പിന്നർമാരായുണ്ട്. വരുണിന്റെ പ്രകടനം നിർണായകമാകും.
ബാബർ അസം നയിക്കുന്ന പാക് ടീമിൽ ഒരുപിടി മികച്ച താരങ്ങളുണ്ട്. ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമതാണ് ബാബർ. മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ആസിഫ് അലി എന്നിവർ ബാറ്റിങ് നിരയിലുണ്ട്. പേസർമാരിൽ ഷഹീൻ അഫ്രീദി അപകടകാരിയാണ്. ഹസ്സൻ അലി, ഷദാബ് ഖാൻ, ഇമാദ് വസീം എന്നിവരും ബൗളിങ് നിരയ്ക്ക് കരുത്തുനൽകും.
പന്തെറിയുന്നില്ല എന്ന കാരണത്താൽ മാറ്റിനിർത്താനാകില്ല ഹാർദിക് പാണ്ഡ്യയെ. ആറാം നമ്പറിൽ ഹാർദിക് തന്നെയിറങ്ങും. ഇപ്പോൾ മറ്റൊരു ആലോചനയുമില്ല.
വിരാട് കോഹ്–ലി, ഇന്ത്യൻ ടീം ക്യാപ്റ്റൻ
സാധ്യതാ ടീം
ഇന്ത്യ
രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ/ രാഹുൽ ചഹാർ, ഭുവനേശ്വർ കുമാർ/ ശർദുൾ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
പാകിസ്ഥാൻ
ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസ്സൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.
ഇന്ത്യ 5–-0
ദുബായ് > ട്വന്റി–-20 ലോകകപ്പിൽ അഞ്ചുതവണയാണ് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം എത്തിയത്. അഞ്ചു കളിയിലും ഇന്ത്യ ജയിച്ചു. ഒരു മത്സരം ടൈയിൽ കലാശിച്ചെങ്കിലും ഇന്ത്യ ബൗൾ ഔട്ടിൽ ജയിക്കുകയായിരുന്നു. ഏകദിന, ട്വന്റി–20 ലോകകപ്പുകളിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റിട്ടില്ല.
►2007–- ടൈ (ബൗൾ ഔട്ടിൽ ഇന്ത്യ ജയിച്ചു)
►2007–- ഫൈനൽ (5 റൺ ജയം)
►2012–- എട്ട് വിക്കറ്റ് ജയം
►2014–- ഏഴ് വിക്കറ്റ് ജയം
►2016–- ആറ് വിക്കറ്റ് ജയം