ന്യൂഡല്ഹി > മന്ത്രി എം വി ഗോവിന്ദന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്ദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്നങ്ങളും മറ്റ് വിഷയങ്ങളും ചര്ച്ച ചെയ്തു. കേരളം ഇപ്പോള് നേരിടുന്ന പ്രതികൂല സാഹചര്യങ്ങള് കണക്കിലെടുത്ത് അടല് മിഷന് ഫോര് റെജുവെനേഷന് ആന്റ് അര്ബന് ട്രാന്സ്ഫോര്മേഷന് – അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നല്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രധാന് മന്ത്രി ആവാസ് യോജന(അര്ബന്) പി.എം.എ.ഐ(യു) പദ്ധതിയില് പുതിയ ഗുണഭോക്താക്കളെ ഉള്പ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. ദീന്ദയാല് അന്ത്യോദയ യോജന(ഡി.ഡി.എ.വൈ) – നാഷണല് അര്ബന് ലൈവ്ലിഹുഡ് മിഷന് (എന്.യു.എല്.എം) സ്വയം തൊഴില് പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴില് വായ്പയുടെ പലിശ നിരക്കില് ഇളവ് നല്കണമെന്നും ഫിനാന്സ് കമ്മീഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി ഗോവിന്ദന് അഭ്യര്ത്ഥിച്ചു.
കോഴിക്കോട് നിര്മ്മിക്കുന്ന വേസ്റ്റ് ടു എനര്ജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നല്കുവാനുള്ള പ്രൊപ്പോസല് കേന്ദ്ര സര്ക്കാരിന് മുന്നില് സമര്പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഖരമാലിന്യ സംസ്ക്കരണത്തിന് ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളില് അടിയന്തിര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോര്ട്ടലില് ഉള്പ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചര്ച്ച നടത്തി.
ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയവുമായും മന്ത്രി ഗോവിന്ദന് മാസ്റ്റര് ചര്ച്ച നടത്തി. ചര്ച്ചയില് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില് സംസ്ഥാനത്ത് നിലവില് നല്കുന്ന വേതനം 291 രൂപയില് നിന്നും വര്ദ്ധിപ്പിച്ച് നല്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില് ദിനങ്ങള് വര്ഷത്തില് 150 ദിവസമായി ഉയര്ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രധാന ആവശ്യമായി മന്ത്രി മുന്നോട്ടുവെച്ചത്.
പൊതുകെട്ടിടങ്ങള്ക്ക് ചുറ്റുമതില് നിര്മ്മിക്കുന്നതിനുള്ള ധനസഹായം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്തുകളില് മത്സ്യകൃഷി ചെയ്യുന്നതിന് പാട്ടത്തിനെടുത്ത സ്വകാര്യഭൂമിയില് നേഴ്സറികള് സ്ഥാപിക്കാനുള്ള വ്യവസ്ഥ അനുവദിക്കണമെന്നും മന്ത്രി ചര്ച്ചയില് ആവശ്യപ്പെട്ടു.
ദീന് ദയാല് ഉപാധ്യായ ഗ്രാമീണ്കൗശല് യോജന പദ്ധതിയുടെ കീഴില് നിര്ദ്ധനരായ കുട്ടികള്ക്ക് സംവരണം കണക്കാക്കാതെ പ്രവേശനം നല്കുന്നതിനുള്ള അനുമതി നല്കണമെന്നും ഈ പദ്ധതി വഴി പരിശീലനം നേടിയ ഉദ്യോഗാര്ത്ഥികള്ക്ക് ഫോറിന് റിക്രൂട്ട്മെന്റ് മെക്കാനിസത്തിന് പരിഗണന നല്കണമെന്ന വിഷയവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി.
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുള്ള അപാകതകള് പരിഹരിക്കണമെന്നും പ്രധാന മന്ത്രി കിസാന് സിഞ്ചൈ യോജന (പിഎംകെഎസ്വൈ) നീര്ത്തട വികസന സ്കീമിന്റെ സമയപരിധി നീട്ടിനല്കണമെന്നും 2022 – 23 വാര്ഷിക പദ്ധതിയില് ഇ ഗ്രാം സ്വരാജ് പേര്ട്ടലില് ജോയിന്റ് വെഞ്ച്വര് പ്രോജക്ടുകള് ഉള്പ്പെടുത്തുന്നതിനും പ്രാദേശിക മേഖലയില് ജല്ജീവന് മിഷന് നടപ്പിലാക്കാനുമുള്ള ആവശ്യങ്ങള് കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തു വകുപ്പു സെക്രട്ടറിമാരുടെ ശ്രദ്ധയില് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് കൊണ്ടുവന്നു.
ചര്ച്ചയിലൂടെ ഉയര്ന്നുവന്ന എല്ലാ കാര്യങ്ങളും പരിഗണിച്ച് അനുഭാവപൂര്ണ്ണമായ നടപടികള് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്കി. രാജ്യസഭാ എം.പി. ഡോ. വി ശിവദാസനും ചര്ച്ചയില് പങ്കാളിയായി.