വിഷയം പരിഗണിക്കാൻ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ലോയുടെ അളവിൽ ആശങ്ക ആവശ്യമില്ല. 2018 ൽ ഇതിലും കൂടുതൽ വെള്ളം ഒഴുക്കിവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്ന് മുല്ലപ്പെരിയാറിൽ ഒഴുകി വന്ന വെള്ളം ആർക്കും പ്രശ്നം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി കളക്ടർമാരും ആർഡിഒയും സ്ഥലത്തുണ്ട്. തുറക്കേണ്ടി വന്നാൽ ഒഴുപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് സാധിക്കും. ആവശ്യമെങ്കിൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയതോടെ ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുമ്പോഴാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുക. കുമളി, അടിമാലി, അടക്കമുള്ള മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ തുടരും. തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.