അഞ്ച് വർഷം മുൻപ് വിവാഹിതരായ ജാൻസിയും ഓംകുമാറും അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും ഇരുവരും തമ്മിലുള്ള നിരന്തരമായ തർക്കങ്ങൾ കാരണം ഓംകുമാർ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങി. ജാൻസി അതെ സമയം മകനുമൊത്ത് അമേരിക്കയിൽ തുടർന്നു. കഴിഞ്ഞ മൂന്നര വർഷമായി വേർപിരിഞ്ഞാണ് ജാൻസിയും ഓംകുമാറും താമസിക്കുന്നത്.
അതിനിടെ ഓംകുമാർ ചെന്നൈക്കടുത്ത് പൂനമല്ലിയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി ഫയൽ ചെയ്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് തിരുവള്ളൂർ ജില്ലയിലെ ഒരു പ്രമുഖ മാട്രിമോണിയൽ സെന്ററിൽ ജാൻസിയ്ക്ക് വരനെ അന്വേഷിക്കുകയാണെന്ന് പരസ്യം വന്നത്. അച്ഛൻ പത്മനാഭന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാൻസിയെ വിവാഹം കഴിക്കാൻ താല്പര്യം അറിയിച്ച് നിരവധി ഫോൺ കോളുകൾ വന്നതോടെ പത്മനാഭൻ ആശയക്കുഴപ്പത്തിലായി.
മകൾക്ക് വരനെത്തേടി പ്രൊഫൈൽ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് പത്മനാഭൻ വ്യക്തമാക്കി. തുടർന്ന് അന്വേഷണം നടത്തി തന്റെ പേരിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്തയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. അപ്പോഴാണ് ജാൻസിയുടെ ഭർത്താവ് തന്നെയാണ് വില്ലൻ എന്ന് മനസ്സിലായത്. വിവാഹമോചനം വൈകുന്ന ദേഷ്യത്തിൽ ഭർത്താവാണ് ജാൻസിയുടെ പ്രൊഫൈൽ സൃഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പോലീസ് പിന്നീട് ഓംകുമാറിനെ അറസ്റ്റ് ചെയ്യുകയും തിരുവള്ളൂർ ജില്ലാ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് തിരുവള്ളൂർ ബ്രാഞ്ച് ജയിലിലേക്ക് മാറ്റുകയും ചെയ്തു.