കോഴിക്കോട് > വനിതകൾക്ക് ഭാരവാഹിത്വവും സംസ്ഥാനകൗൺസിൽ അംഗത്വം നൽകാതെ മുസ്ലിംയൂത് ലീഗ് നേതൃത്വത്തെ തെരഞ്ഞെടുത്തു. 20 ശതമാനം സ്ത്രീ പ്രാതിനിധ്യമെന്ന മുസ്ലിംലീഗ് വാഗ്ദാനവും നടപ്പായില്ല. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടായതിനാൽ പ്രസിഡന്റായി മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാൻ തീരുമാനിക്കയായിരുന്നു. ഭാരവാഹിത്വത്തിൽ തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലാകമ്മിറ്റികളെ പരിഗണിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
എംഎസ്എഫ് വനിതാവിഭാഗമായ ഹരിതയിലെ മുൻ നേതാക്കളെ ഉൾപ്പെടുത്തുന്നതിൽ നേതൃതലത്തിലുള്ള എതിർപ്പാണ് യുവതികളുടെ പ്രവേശനം തടഞ്ഞത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയ ഹരിത നേതാക്കളെ ഉൾപ്പെടുത്തുന്നതിനെ പാണക്കാട് സാദിഖലി തങ്ങളാണ് എതിർത്തത്. ലീഗ് നടപടിയെടുത്ത എംഎസ്എഫ് എഫ് മുൻ അഖിലേന്ത്യാവൈസ്പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയയെയും ഉൾപ്പെടുത്തിയില്ല. ഹരിത വിഷയത്തിൽ അനുകൂലമായി നിലപാടെടുത്ത എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷ്റഫലിയെയും ഭാരവാഹിത്വത്തിൽ പരിഗണിച്ചില്ല.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: ഇസ്മായിൽ പി വയനാട് (ട്രഷറർ ), മുജീബ് കാടേരി ,ഫൈസൽ ബാഫഖി തങ്ങൾ (ഇരുവരും മലപ്പുറം), മാഹിൻ (കോട്ടയം),4.അഷ്റഫ് എടനീർ (കാസർകോട്–-വൈസ് പ്രസിഡന്റുമാർ)സി കെ മുഹമ്മദാലി (കണ്ണൂർ), ഗഫൂർ കോൽക്കളത്തിൽ (പാലക്കാട്), അഡ്വ: നസീർ (കൊല്ലം), ടി പി എംജിഷാൻ (കോഴിക്കോട്).