കൊച്ചി > നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസ് ഒടുവിൽ വെറും കസ്റ്റംസ് കേസ് മാത്രമായി. നികുതി വെട്ടിച്ച് സ്വർണം ഇറക്കുമതി ചെയ്ത് ഇടനിലക്കാരിലൂടെ ജ്വല്ലറികൾക്ക് വിറ്റ് കൊള്ളലാഭം കൊയ്യുന്ന നിയമവിരുദ്ധ ഇടപാടുമാത്രമായി കേസ് മാറി. എൻഐഎ ആരോപിക്കുന്ന രാജ്യാന്തര തീവ്രവാദബന്ധംപോലും ശരിയല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇക്കാര്യം കഴിഞ്ഞദിവസം കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് വ്യക്തമാകുന്നു.
സ്വർണം, ഡോളർ കടത്തുകേസുകളിൽ ഉന്നത രാഷ്ട്രീയനേതൃത്വത്തിന് ബന്ധമുണ്ടെന്ന സംശയം നിലനിർത്തിയാണ് കസ്റ്റംസ് കേസന്വേഷിച്ചത്. സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ബന്ധിപ്പിച്ചായിരുന്നു സംസ്ഥാന സർക്കാരിനെതിരായ ഒളിപ്പോര്. പ്രതികളിൽ ചിലരുമായി ശിവശങ്കറിനുണ്ടായിരുന്ന ബന്ധം സർക്കാരിനെതിരായ തെളിവായി ഉയർത്തിക്കാട്ടി. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെട്ടു എന്ന ആരോപണം നിഷേധിച്ച ജോയിന്റ് കമീഷണറെ സ്ഥലംമാറ്റി.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ പ്രധാന പ്രതികളിലൊരാൾ ഉന്നയിച്ച ആരോപണം എഴുതി കോടതിയിൽ സമർപ്പിച്ചു. അത് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്ന അനുബന്ധവും കസ്റ്റംസ് എഴുതിച്ചേർത്തു. കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ഒരുഘട്ടത്തിൽ കസ്റ്റംസ് കമീഷണർ സുമിത് കുമാർ പരസ്യമായി പറഞ്ഞു. എന്നാൽ, ആരാണ് ഇടപെട്ടതെന്ന് വ്യക്തമാക്കിയില്ല. സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം പോർവിളി നടത്തി. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രതികളായ ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ.
കോൺസുൽ ജനറൽ ജമാൽ അൽസാബി, നയതന്ത്ര ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗക്കി എന്നിവർ മുഖേന മുഖ്യമന്ത്രിയും ശ്രീരാമകൃഷ്ണനും ഡോളർ കടത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴി പകർത്തി കോടതിയിൽ സമർപ്പിച്ചു. ആറു പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് അതെല്ലാം വിഴുങ്ങി. ഡോളർ കടത്തിൽ കസ്റ്റംസിന്റെ വേട്ടയാടലിന് ഇരയായ ശ്രീരാമകൃഷ്ണനും പിന്നീട് നോട്ടീസ് നൽകിയവരുടെ കൂട്ടത്തിലില്ലായിരുന്നു.