കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം5,33,000 രൂപ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഇരാറ്റുപ്പേട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു. തനിക്കെതിരായ കെഎസ്ആർടിസിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രതികരണം നടത്തിയിരുന്നു.
ജയദീപിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.