മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശിയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും കാര്യങ്ങൾക്കായി ആശ്രയിക്കുന്നത് അദ്ദേഹത്തെയാണെന്നും മുസ്ലീം ലീഗിൽ നിന്ന് രാജി വെച്ച വനിതാലീഗ് നേതാവ് ഷഹന കല്ലടി. മണ്ണാർക്കാട് തങ്ങളെ കാണാൻ കഴിഞ്ഞത് ശശിയിലാണെന്നും ഷഹന പറഞ്ഞു.ലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന ഷഹനയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
എന്നെപ്പോലെ ഒരാൾക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകില്ല. അത് ഞാൻ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാൻ ഇവിടെ വന്നത്. അതിൽ എനിക്ക് കുറ്റബോധമില്ല. ലീഗായാലും കോൺഗ്രസായാലും മാർക്സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പി.കെ ശശിയാണ്. ഇത് ഞാനാ പാർട്ടിയിരുന്ന് സംസാരിച്ചിട്ടുള്ള കാര്യമാണ്.
ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോൾ നേരിട്ടു പോയാൽപ്പോരേ, എന്തിനാണ് അതിന്റെ ഇടയിൽ ഒരാൾ. സഖാവിന്റെ അടുത്ത് വന്ന് കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? എന്നെപ്പോലെ ഒരാൾക്ക് അതിന് ഇടയിൽ നിൽക്കാൻ ഒരാൾ ആവശ്യമില്ല- ഷഹന പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് പാർട്ടിയിൽ ചേർന്നവർക്ക് സി.പി.എം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. നഗരസഭ മുൻ കൗൺസിലറും മണ്ണാർക്കാട്ടെ ലീഗിന്റെ മുഖവുമായിരുന്നു ഷഹന.
Content Highllights: Mannarkkad,PK Sasi, CPIM,Muslim League