തിരുവനന്തപുരം> ധനമൂലധനത്തിന്റെ ആക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. കാത്തലിക്ക് സിറിയന് ബാങ്കിലെ ത്രിദിന സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയിലെ തൊഴിലാളികള് നടത്തിയ ഐക്യദാര്ഢ്യ സമരത്തോടനുബന്ധിച്ച് പാളയത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനകാര്യ മേഖലയുടെ നിയന്ത്രണം വിദേശ ശക്തികളുടെ കൈയില് അകപ്പെട്ടാല് രാജ്യത്തിന്റെ സ്വാതന്ത്ര്യം തന്നെ അപകടത്തിലാകും. മറ്റൊരു സ്വാതന്ത്യ സമരം നടത്തുവാന് വരും തലമുറ നിര്ബന്ധിതരാകും. ബാങ്കിംഗ്, ഇന്ഷുറന്സ്, റെയില്വേ, പ്രതിരോധം തുടങ്ങിയ മേഖലകള് മാത്രമല്ല ബഹിരാകാശ മേഖല പോലും സ്വകാര്യവല്ക്കരിക്കപ്പെടുകയാണ്. കമ്പിത്തപാല് മേഖല ഉള്പ്പെടെയുള്ള വാര്ത്താവിനിമയ മേഖല പോലും വിദേശ നിക്ഷേപത്തിന്റെ പിടിയിലാവും. സ്വകാര്യവല്ക്കരിക്കപ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിയാണ് കോര്പ്പറേറ്റുകള്ക്ക് കൈമാറുന്നത്.
കോവിഡ് മഹാമാരിയെപ്പോലും ലാഭത്തിനായി ഉപയോഗിക്കുകയാണ്. കോര്പ്പറേറ്റുകളുടെ സ്വത്തില് വന്ന ഈ പ്രതിസന്ധി ഘട്ടത്തിലും വര്ദ്ധന അതിഭീമമാണ്. സാധാരണ ജനങ്ങള് ജീവിതമാര്ഗം നഷ്ടപ്പെട്ട് വലയുമ്പോഴും അദാനിമാരും പൂനാവാലമാരും വന്തോതില് സമ്പന്നരാകുകയാണ്. കാത്തലിക്ക് സിറിയന് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും ഒരൊറ്റ വിദേശിയുടെ കൈകളില് ആയിരിക്കെ സി.എസ്.ബി ബാങ്ക് എന്ന ഇപ്പോഴത്തെ പേര് സി.എഫ്. ബി ബാങ്ക് അഥവാ കനേഡിയന് ഫെയര്ഫാക്സ് ബാങ്ക് എന്നാക്കിയാലും അത്ഭുതപ്പെടാനില്ല.
ഉന്നത ഉദ്യോഗസ്ഥര്ക്ക് ലക്ഷങ്ങള് ശമ്പളവും സാധാരണ തൊഴിലാളികള്ക്ക് നിസാരമായ വേതനവും എന്ന സ്ഥിതിഗതിയാണുള്ളത്. നിസാര കുറ്റങ്ങള്ക്ക് പോലും ഷോ കോസ് പോലും നല്കാതെ സസ്പെന്ഡ് ചെയ്യുന്ന ജനാധിപത്യ വിരുദ്ധത വിദേശ മുതലാളിയുടെ കീഴില് വ്യാപകമാകുകയാണ്. താല്കാലിക, കരാര് തൊഴിലാളികളും സ്ഥിരം തൊഴിലാളികളും രണ്ട് തട്ടിലാണെന്ന് വരുത്തിത്തീര്ത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമവും ഉണ്ടായി. താല്കാലിക, കരാര് തൊഴിലാളികളെ സമ്മര്ദ്ദത്തിലാക്കി ശാഖകള് തുറന്ന് തൊഴിലാളി സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും തൊഴിലാളിവര്ഗം ഒറ്റക്കെട്ടായി ചെറുത്ത് നിന്നത് കൊണ്ട് ഫലപ്രദമായില്ല.
കാത്തലിക്ക് സിറിയന് ബാങ്കിലെ സമരത്തിന് കേരളത്തിലെ തൊഴിലാളിവര്ഗം നല്കിയ ഈ പിന്തുണ മാതൃകാപരമാണ്. ഒരു കാലത്ത് സമരങ്ങളോട് മുഖം തിരിച്ചിരുന്ന വിഭാഗങ്ങള്ക്ക് പോലും സമരം ചെയ്യാതെ മറ്റ് പോവഴിയില്ല എന്ന് മനസിലായിരിക്കുന്നു. മോഡി നേതൃത്വം നല്കുന്ന കേന്ദ്രസര്ക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകള്ക്ക് പോലും തൊഴിലാളി സമരങ്ങള്ക്കൊപ്പം ചേരേണ്ടിവന്നിരിക്കുന്നു. ഇതൊരു മാറ്റമാണ്. തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുക എന്നതാണ് ഏതൊരു തൊഴിലാളി സംഘടനയുടെയും പ്രഥമ ബാധ്യത. കല്ക്കരി മേഖലയിലെ സ്വകാര്യവല്ക്കരണം വൈദ്യുതി ലഭ്യതയെപ്പോലും ബാധിക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
വൈദ്യുതി ദൗര്ലഭ്യം കൃഷി, വ്യവസായം ഉള്പ്പെടെ എല്ലാ മേഖലകളെയും ബാധിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം പോകുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം സൃഷ്ടിച്ച ബാങ്ക് ദേശസാല്ക്കരണത്തില് നിന്ന് കേന്ദ്ര സര്ക്കാര് പടിപടിയായി പിറകോട്ട് പോകുകയാണ്. കോര്പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു. അവരില് നിന്ന് തിരിച്ച് പിടിക്കാനുള്ള യഥാര്ത്ഥ ശ്രമം നടക്കുന്നില്ല. സാധാരണ ജനങ്ങളുടെ പണമെടുത്താണ് കോര്പ്പറേറ്റുകളുടെ കടം മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കുന്നത്. ചെറിയ അക്കൗണ്ടുകള് വേണ്ട എന്ന നയം ബാങ്ക് അധികാരികള് സ്വീകരിക്കുമ്പോള് എല്ലാ ബാങ്കുകളും സാധാരണക്കാരുടെ ബാങ്ക് അല്ലാതാകുന്നു. അവ കോര്പ്പറേറ്റുകളുടെ ബാങ്ക് ആകുന്നു.
ഇതിനെല്ലാം എതിരെ ശക്തമായ ചെറുത്തുനില്പ്പ് നടത്തിയാലേ രാജ്യത്തിന് നിലനില്പ്പുണ്ടാകൂ, തൊഴിലാളികള്ക്ക് നിലനില്പ്പുണ്ടാകൂ. ബാങ്കിംഗ് മേഖലയിലെ തൊഴിലാളികള് അസംഘടിതരായി, വിഭജിച്ച് നില്ക്കാതെ ഒറ്റക്കെട്ടായി നിന്നാല് മറ്റ് വിഭാഗം തൊഴിലാളികളുടെയും പിന്തുണ വന്നുചേരും. ബാങ്കുകള് മാത്രമല്ല പൊതുമേഖല മുഴുവന് ജനങ്ങളുടെ സ്വത്താണ്. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള് ഗോഡൗണുകളില് കെട്ടിക്കിടക്കുമ്പോഴും പട്ടിണി സൂചികയില് രാജ്യം പിറകോട്ട് പോകുന്ന, നീതിപൂര്വകം അല്ലാത്ത സമ്പത്ത് വിതരണത്തിന്റെ അവസ്ഥയാണ് മോഡി സര്ക്കാര് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില് ജനങ്ങള്ക്കും രാജ്യത്തിനും എതിരെ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും എതിര്ക്കുവാനും നയസമീപനങ്ങളെ ചെറുത്ത് തോല്പ്പിക്കുവാനും കാത്തലിക്ക് സിറിയന് ബാങ്കിലെയും ബാങ്കിംഗ് മേഖലയിലെയും തൊഴിലാളികള് കൂടുതലായി മുന്നോട്ട് വരേണ്ടതുണ്ട്.
അത്തരത്തില് വര്ഗപരമായൊരു ഐക്യം കെട്ടിപ്പെടുക്കുന്നതിലൂടെ മാത്രമേ പ്രശ്നങ്ങള്ക്ക് ആത്യന്തികമായ പരിഹാരം കാണുവാന് കഴിയൂ- അദ്ദേഹം വിശദമാക്കി.
കാത്തലിക്ക് സിറിയന് ബാങ്കിലെ സമരത്തെ തമസ്കരിച്ച മുഖ്യധാരാ മാധ്യമങ്ങളുടെ നടപടിയെയും അദ്ദേഹം വിമര്ശിച്ചു. ലക്ഷക്കണക്കിന് ജീവനക്കാര് ആയുധം താഴെ വെച്ച് പണിമുടക്കുമ്പോഴും മനോരമയടക്കമുള്ള പത്രങ്ങള് ഒരു വാര്ത്ത പോലും നല്കാതെ, മാനേജ്മെന്റ് വാര്ത്തകള്ക്കായി സ്ഥലം നീക്കി വെക്കുന്നത് ജീവനക്കാര് തിരിച്ചറിയണം. ദേശാഭിമാനി പോലെ തൊഴിലാളികളുടെ പക്ഷത്ത് നില്ക്കുന്ന പത്രങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.