അറുപതിനായിരം കോടി രൂപയിലധികം മുതൽ മുടക്ക് വരുന്ന പദ്ധതിയിൽ 33700 കോടി രൂപ കേന്ദ്രസര്‍ക്കാരിൻ്റെ സാമ്പത്തിക കാര്യ വകുപ്പ് മുഖേന വിദേശ ഏജൻസികളിൽ നിന്ന് കടമായി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാൽ ഇത്തരത്തിലുള്ള കോടികളുടെ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ നിലപാട്. പദ്ധതിയ്ക്കായി വായ്പ കണ്ടെത്താൻ സംസ്ഥാന സര്‍ക്കാര്‍ മറ്റു വഴികള്‍ പരിശോധിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോടു നിര്‍ദേശിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വായ്പയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ശബരി റെയിൽപാത കെ റെയിൽ വഴി നടപ്പാക്കാനുള്ള താത്പര്യം യോഗത്തിനിടെ മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
“അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. ഇത് സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കും.” മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Also Read:
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ പൂര്‍ണമായും പുതിയ പാതയിൽ സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ നിര്‍മിക്കാനും 200 കിലോമീറ്റര്‍ വേഗതയിൽ ട്രെയിൻ ഗതാഗതം സാധ്യമാക്കാനുമാണ് സര്‍ക്കാര്‍ കെ റെയിൽ സിൽവര്‍ലൈൻ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് സര്‍ക്കാരിനു കോടികളുടെ ബാധ്യതയുണ്ടാക്കുമെന്നും നിര്‍മാണം പരിസ്ഥിതിയ്ക്കു ദോഷം ചെയ്യുമെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പദ്ധതിയിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാണ് കോൺഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്.
എന്നാൽ ഭൂമിയേറ്റെടുക്കലിനായി സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. നഗരപ്രദേശങ്ങളിൽ ഭൂമി വിലയുടെ രണ്ടിരട്ടിയും ഗ്രാമങ്ങളിൽ ഭൂമിവിലയുടെ നാലിരട്ടിയും നല്‍കി സ്ഥലം ഏറ്റെടുക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സര്‍ക്കാരിനെ പിന്തുണച്ച് സിപിഎമ്മും രംഗത്തുണ്ട്. അതിവേഗപ്പാതയ്ക്കെതിരെ പ്രതിപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്തും നടത്തുന്ന വിമര്‍ശനങ്ങളും സിപിഎം തള്ളി.
Also Read:
തെറ്റായ പ്രചാരണങ്ങള്‍ നടത്തി വികസനത്തെ വിവാദക്കുരുക്കിലാക്കരുതെന്ന് ആയിരുന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ്റെ പ്രതികരണം. സെമി ഹൈസ്പീഡ് റെയിലിനെതിരെ സമരം നടത്തുന്നത് ശരിയായ പഠനം നടത്താതെയാണെന്നും സിപിഎം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംസ്ഥാനത്തിൻ്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വരുത്താനാണ് മുൻകൈയെടുക്കുന്നതെന്നും എന്നാൽ പ്രതിപക്ഷം അതിനു വിഘാതം സൃഷ്ടിക്കുന്ന നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.