തൃശ്ശൂർ ചാവക്കാട് അവിയൂർ സ്വദേശി വസന്ത മാങ്ങാടി 2017 മുതൽ സാക്ഷരതാ മിഷൻ കോർഡിനേറ്ററായി ജോലി ചെയ്യുന്നു. അതിന് മുമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ‘പ്രേരകാ’യി പ്രവർത്തിക്കുകയായിരുന്നു. തീരദേശമേഖലയിലെ ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ തുല്യത കോഴ്‌സുകളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാനും ഒരുപാട് പേരെ പത്താം തരം, പ്ലസ് ടു തത്തുല്യ കോഴ്‌സുകളിൽ ചേർക്കാനും വസന്തയ്ക്ക് കഴിഞ്ഞു.
ഇതുവരെയായി ഏതാണ്ട് ഇരുന്നൂറോളം വിദ്യാർത്ഥികൾ തുല്യത പഠനത്തിന് എത്തിയെന്നാണ് വസന്ത പറയുന്നത്. 2021 അധ്യയന വർഷത്തിൽ നാലാം ക്ലാസ് തുല്യത കോഴ്‌സിനായി 20 പേർ ചേർന്നു. ഏഴാം തരം ക്ലാസുകളിലേക്ക് നിരവധി പേരാണ് സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നത്.
ഫിഷറീസ് സ്‌കൂളിൽ പ്ലസ് ടുവിന് ഹ്യുമാനിറ്റീസും, കൊമേഴ്‌സുമാണ് ഉള്ളത്. ഈ അധ്യയന വർഷത്തിൽ കൊമേഴ്‌സിലേക്ക് പതിനഞ്ചും ഹ്യുമാനിറ്റീസിലേക്ക് ഏതാണ്ട് അമ്പതോളം പേരും ചേർന്നു. കഴിഞ്ഞ വർഷം കൊമേഴ്‌സിൽ പതിനഞ്ചും ഹ്യുമാനിറ്റീസിൽ മൊത്തം ഇരുപ്പഞ്ച് പേരും ചേർന്നു. നാൽപ്പത് പേര് പരീക്ഷ എഴുതിയതിൽ കൊമേഴ്‌സിൽ ആറ് പേരും, ഹ്യുമാനിറ്റീസിൽ ഇരുപത്തി അഞ്ച് പേരും വിജയിച്ചിരുന്നു – വസന്ത പറയുന്നു.
‘തീരദേശമേഖലയിൽ തന്നെ പ്രാഥമിക തലത്തിൽ നിന്നും ഹയർ സെക്കന്ററി തലത്തിലേക്ക് എല്ലാവരുടേയും വിദ്യാഭ്യാസ യോഗ്യത ഉയരണമെന്നാണ് എന്റെ ആഗ്രഹം. കുറേ കാര്യങ്ങൾ ഇനിയും അവർ അറിയേണ്ടതായിട്ടുണ്ട്. അതിന് വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധിക്കൂ. പ്രായം ഇവിടെ ഒരു പ്രശ്‌നമല്ല. നമ്മളെന്നും പഠിച്ച് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ തീരദേശമേഖല ആയതു കൊണ്ട് തന്നെ അമ്മമാർക്കൊന്നും അധികം അറിവില്ല. അവർക്ക് അറിവുണ്ടായാലേ അവരുടെ മക്കൾക്കും അറിവുണ്ടാകൂ. അതിന് വിദ്യാഭ്യാസം നേടുക എന്നത് അത്യാവശ്യമാണ്.’
പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാനായി ഏഴാം ക്ലാസ് പാസായിരിക്കണമെന്നതാണ് യോഗ്യതയായി സർക്കാർ പരിഗണിച്ചിരിക്കുന്നത്. പതിനെട്ട് വയസ് പൂർത്തീകരിച്ച ഏതൊരു വ്യക്തിക്കും പത്താം ക്ലാസ് തുല്യത പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണിൽ ഇരുപത്തി രണ്ട് വയസ് പൂർത്തീകരിച്ച് പത്താം ക്ലാസ് പാസായ ഏതൊരാൾക്കും പ്ലസ്ടു തത്തുല്യത്തിനും അപേക്ഷിക്കാൻ കഴിയും.
കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ഹ്യുമാനിറ്റീസ് വിഷയങ്ങൾ എടുത്തിരുന്ന പഠിതാക്കളായിരുന്നു കൂടുതൽ എങ്കിൽ ഇപ്പോൾ കൊമേഴ്‌സ് വിഷയം പ്ലസ് ടുവിന് എടുക്കുന്നവരാണ് അധികമെന്നാണ് വസന്ത പറയുന്നത്. ജോലി സാധ്യത കൂടെ കണ്ടുകൊണ്ടാണ് കൊമേഴ്സിന് ആവശ്യക്കാരുള്ളത്. എസ്എസ്എം വിഎച്ച്എസ് എടക്കഴിയൂർ, ചാവക്കാട് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠനം നടക്കുന്നത്.
*
ചാവക്കാട് പുന്നയൂർ സ്വദേശിയായ സ്മിത ബാലനും സാക്ഷരതാ മിഷന്റെ കീഴിൽ കോർഡിനേറ്ററാണ്. പതിമൂന്ന് വർഷമായി പുന്നയൂർ പഞ്ചായത്തിന്റെ കീഴിൽ പത്താം ക്ലാസ് പ്രേരകാണ് സ്മിത. താൻ ജോലിക്ക് കയറുന്ന സമയത്ത് തുല്യത പരീക്ഷയെ കുറിച്ച് അറിയുന്നവർ അധികം ഇല്ലായിരുന്നുവെന്നാണ് സ്മിത പറയുന്നത്.
‘അന്ന് ആരും ഇതിനെ കുറിച്ച് അങ്ങനെ അറിഞ്ഞു തുടങ്ങിയിട്ടില്ല. ഞങ്ങളും ഇതിനെ കുറിച്ച് പഠിച്ച് വരുന്നതെ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ഞങ്ങൾക്ക് ട്രെയിനിങ്ങും കിട്ടിയത്. അതിനുശേഷം ഞങ്ങൾ ഫീൽഡിലിറങ്ങി ആളുകളോട് സംസാരിച്ചു. പുന്നയൂർ പഞ്ചായത്തിന്റെ കീഴിൽ തുല്യത പരീക്ഷക്ക് വേണ്ടി പ്രോജക്ട് വെക്കുകയും പഠിതാക്കൾക്ക് വേണ്ട സാമ്പത്തിക സഹായം ഉറപ്പിക്കുകയും ചെയ്തു. അന്നൊക്കെ ഫീൽഡിലിറങ്ങി ആളുകളോട് സംസാരിക്കുമ്പോൾ ഇത്രയും പ്രായമായില്ലേ ഞങ്ങളിനി പഠിക്കാനൊന്നും ഇല്ലെന്ന് പറഞ്ഞ് ഇരിക്കുന്നവരായിരുന്നു അധികവും. എന്നാലിന്ന് ആ സ്ഥിതിയല്ല. ഇങ്ങോട്ട് ചോദിച്ചറിഞ്ഞ് വരുന്നവരാണ് പലരും.’ സ്മിത പറയുന്നു.
നാല് വർഷമായി പ്ലസ്ടു സോഷ്യോളജി വിഷയം പഠിപ്പിക്കുകയാണ് ഗുരുവായൂർ സ്വദേശിനിയായ ശ്രീജ. ചാവക്കാട് ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഇവർ. ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാനായി എത്തുന്നവർ കഠിന പ്രയത്നം നടത്തുന്നുണ്ടെന്നാണ് അധ്യാപിക പറയുന്നത്.
‘പലരും വീട്ടിലെ പണികളെല്ലാം തീർത്താണ് പഠിക്കുന്നതും ക്ലാസിന് വരുന്നതും. ഒരുപാട് പ്രായമായവരും ഇതിൽ ഉൾപ്പെടും. അവരെല്ലാം തന്നെ കുറച്ച് അധികം നേരം ഇതിൽ തന്നെ ഇരുന്നാണ് വിഷയങ്ങളെല്ലാം പഠിച്ചെടുക്കുന്നത്.’
ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് തത്തുല്യം പരീക്ഷ എഴുതാൻ എത്തുന്നതെന്ന് ശ്രീജ പറയുന്നു.
‘ഒരുപാട് സ്വപ്‌നങ്ങളുള്ളവരാണ് പെൺകുട്ടികൾ. പലരും പത്താം ക്ലാസ് കഴിഞ്ഞോ പ്ലസ്ടു പകുതിക്ക് വെച്ചോ കല്യാണം കഴിഞ്ഞ് പോകും. പിന്നീട് കുട്ടികളൊക്കെ ആയി കഴിയുമ്പോഴാണ് തങ്ങളുടെ ഭാവിയെ കുറിച്ചുമെല്ലാം അവർക്ക് വീണ്ടു വിചാരം ഉണ്ടാകുന്നത്. പലരും ഒരുപാട് ബുദ്ധിമുട്ടി വീണ്ടും പഠിക്കാനായെത്തും. അതല്ലാതെ വരുന്നവരുമുണ്ട്.’– ശ്രീജ പറയുന്നു.
‘ആൺകുട്ടികളാണെങ്കിൽ അവരുടെ നല്ല കാലത്ത് പഠിക്കാതെ നടക്കുകയും പിന്നീട് അതാലോചിച്ച് ദുഃഖിക്കുകയും ചെയ്യുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം നല്ലൊരു ജോലി ലഭിച്ചില്ലെങ്കിൽ സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കാൻ കഴിയാതെ വരുമ്പോഴാണ് അന്ന് നല്ലത് പോലെ പഠിച്ചാൽ മതിയായിരുന്നു എന്ന ചിന്ത അവരിലേക്ക് എത്തുന്നത്.’
*
പാലക്കാട് സ്വദേശി നജ്മ* പ്ലസ് വൺ പരീക്ഷ എഴുതിക്കഴിഞ്ഞാണ് വിവാഹിതയാകുന്നത്. അന്ന് ഹ്യുമാനിറ്റീസ് പരീക്ഷ എഴുതിയതിൽ ഫലം വന്നപ്പോൾ 95 ശതമാനത്തിലേറെ മാർക്കുണ്ടായിരുന്നിട്ട് പോലും നജ്മയെ തുടർന്ന് പഠിക്കാൻ ഭർതൃ വീട്ടുകാർ സമ്മതിച്ചില്ല. ഒരാൺകുട്ടി പിറന്നതിന് ശേഷമാണ് വീണ്ടും പഠിക്കണമെന്ന ആഗ്രഹം നജ്മയ്ക്കുണ്ടാകുന്നത്.
ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക വിഷമതകൾക്കൊടുവിൽ പ്രേരകായ വസന്ത മുഖേന പ്ലസ് ടു തത്തുല്യം എഴുതി എടുക്കാൻ തന്നെ അവർ തീരുമാനിച്ചു. പ്ലസ് വൺ പരീക്ഷ ഭർതൃ ഗൃഹത്തിൽ നിന്നും എഴുതാൻ പോകുന്നതിലും വിലക്കുകൾ നേരിട്ടു. മനോധൈര്യം ഒന്നു കൊണ്ട് മാത്രം അന്ന് പരീക്ഷ എഴുതുകയും ശരാശരി മാർക്കോട് കൂടി വിജയിക്കുകയും ചെയ്തു നജ്മ.
പ്ലസ് വണ്ണിൽ പകുതി മാർക്ക് മാത്രം നേടി വിജയച്ചു എങ്കിൽ പ്ലസ്ടുവിന് അഞ്ച് വിഷയങ്ങളിൽ മുഴുവൻ മാർക്കും നജ്മ നേടി. ഇന്ന് മകനോടൊത്ത് ജീവിക്കുന്ന നജ്മക്ക് ബിരുദം നേടണമെന്നും സർക്കാർ ഉദ്യോഗസ്ഥയാകണമെന്നുമാണ് ആഗ്രഹം.
ചാവക്കാട് സ്വദേശിയായ ശരണ്യ, ഇംഗ്ലീഷ് അധ്യാപികയാണ്. പല വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് ഒരു പേടി സ്വപ്‌നമായിരുന്നുവെന്നും അത് മാറ്റിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ അധ്യാപിക പറയുന്നു. നിരന്തരമായി വർക്കുകൾ കൊടുത്തും ഗെയിമുകൾ കൊടുത്തുമെല്ലാം അവരുടെ പേടി മാറ്റിയെടുക്കാൻ ഈ അധ്യാപികക്ക് കഴിഞ്ഞു. ആദ്യ വർഷം ഇംഗ്ലീഷ് വിഷയത്തെ ഭയത്തോടു കൂടി മാത്രം നോക്കി കണ്ടിരുന്ന പലർക്കും പ്ലസ് ടു പരീക്ഷ കഴിഞ്ഞതോടെ ഉന്നത വിജയം നേടാനായിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
കുട്ടികളെ പോലെ ഉള്ള വിദ്യാർത്ഥികളല്ല മുതിർന്നവരെന്ന് പൊളിറ്റിക്‌സ് അധ്യാപകനായ ഷിജു പറയുന്നു. കുട്ടികളെ കൈകാര്യം ചെയ്യുന്നതിനേക്കാൾ തീർത്തും വ്യത്യസ്തമായ രീതികളാണ് ഇവർക്ക് വേണ്ടി ഉപയോഗിക്കുന്നത്. ജീവിതാനുഭവങ്ങൾ കൂടുതലും കുട്ടികളേക്കാൾ മുതിർന്നവർക്കാണുള്ളത്. അതുകൊണ്ട് തന്നെ വിഷയങ്ങളിലേക്ക് ഇവരെ കൊണ്ട് ചെന്നെത്തിക്കുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
‘കാലങ്ങളോളമായി പഠിക്കാതെ ഇരുന്ന ചില ആൾക്കാർക്ക് അതിനുള്ള അവസരം ലഭിക്കുമ്പോൾ അവരത് സാധ്യമാക്കുക തന്നെ ചെയ്യും. ഒരുപാട് പ്രശ്‌നങ്ങൾക്കിടയിൽ നിന്നും പഠിക്കാനുള്ള ആഗ്രഹവുമായി എത്തിച്ചേരുന്നവരാണ് അധികവും. അവർക്ക് അത് സാധ്യമാക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്ത് കൊടുക്കുക. എന്നാൽ അവർ ആ ട്രാക്കിലേക്ക് വരും. ആഗ്രഹമുള്ളത് കൊണ്ട് തന്നെ പഠിക്കാനുള്ള സമയവും അവർ കണ്ടെത്തും.’ — അദ്ദേഹം പറയുന്നു
ചാവക്കാട് തീരദേശമേഖലയിൽ ഇസ്ലാംമത വിശ്വാസികളാണ് ഭൂരിപക്ഷം. ഇവിടെ പൊതുവെ പെൺകുട്ടികൾക്ക് ഇടയിൽ വിദ്യാഭ്യാസം കുറവായിരുന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. – പ്രേരക് ജീവനക്കാർ പറയുന്നു. പലപ്പോഴും വിദ്യാഭ്യാസത്തിന് തടസ്സം വളരെ ചെറിയപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ വിവാഹം നടക്കുന്നതാണെന്നാണ് അധ്യാപകനായ ഷിജു പറയുന്നത്. “അവരുടെ പഠിക്കേണ്ട പ്രായം ഇല്ലാതാകുകയാണ് മിക്കപ്പോഴും,”
‘ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇവിടെ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ ഒരിക്കലും തങ്ങളുടെ മക്കളോട് ഇതുപോലെ ചെയ്യില്ല. അവർക്ക് വേണ്ടുന്ന വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ഇവർ നന്നായി പരിശ്രമിക്കും. കാരണം വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നതെന്താണെന്ന് ഇവർ പഠിച്ചു കഴിഞ്ഞു.’
‘കുട്ടികളുടേയും വീട്ടിലേയും കാര്യങ്ങളെല്ലാം നോക്കി പഠിക്കാനെത്തുന്നവരാണ് പലരും. കുട്ടികളേയും നോക്കണം വീട്ടുകാരേയും നോക്കണം അതും കഴിഞ്ഞ് പഠിക്കണം. ശരിക്ക് പറഞ്ഞാൽ ഈ വിദ്യാർത്ഥികളുടെ കാര്യം കഷ്ടം തന്നെയാണ്. ഒരുപാട് ചുമതലകൾക്കുള്ളിൽ നിന്ന് സമയം കണ്ടെത്തിയാണ് ഇവർ പഠിക്കുന്നത്. ഞായറാഴ്ച ദിവസങ്ങളിലാണ് ഇവിടെ ക്ലാസുകൾ നടത്തുക. അന്ന് ഭർത്താവ് ചിലപ്പോൾ ക്ലാസിന് പോകേണ്ട എന്ന് പറഞ്ഞാൽ അവർക്ക് പഠിക്കാൻ വരാൻ കഴിയില്ല. ഇല്ലെങ്കിൽ കുഞ്ഞുങ്ങളെ നോക്കണമെന്ന് നിർബന്ധിക്കുകയോ വീടിന് പുറത്തേക്ക് കുടുംബക്കാരുടെ വീട്ടിലേക്കോ മറ്റോ പോകാനോ ഒക്കെ ഉണ്ടാകും. അതിനെയെല്ലാം തരണം ചെയ്താണ് ഇവർ പഠിക്കണമെന്ന അതിയായ ആഗ്രഹം ഉള്ളിൽ വെച്ച് കൊണ്ട് നിറവേറ്റാനായി എത്തുന്നത്.’– അദ്ദേഹം അഭിപ്രായപ്പെട്ടു.
*
വയസ്സ് 50 എത്തിയപ്പോഴാണ് ചാവക്കാട് മണത്തല സ്വദേശി ഉമാദേവി തുടര്‍ പഠനത്തിന് എത്തിയത്. തുല്യതാ പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ അഞ്ച് എയും ഒരു സി ഗ്രേഡും നേടി പാസായപ്പോള്‍ ഉമാദേവിക്ക് പ്രായം 53
35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉമാദേവി എസ്എസ്എല്‍സി പാസായത്. ഇത്രയും കാലത്തെ ഇടവേളക്ക് ശേഷം തുല്യത പരീക്ഷയില്‍ അവര്‍ പങ്കെടുത്തത് ഒരു സുഹൃത്ത് നല്‍കിയ അറിവുവെച്ചും.
ഉമാദേവിയുടെ സുഹൃത്ത് മഞ്ജുള പത്താം ക്ലാസ് തത്തുല്യത വിദ്യാര്‍ഥിയായിരുന്നു. ഒരു ചടങ്ങില്‍വച്ച് പരസ്‍പരം കണ്ടപ്പോഴാണ് മഞ്ജുള പഠനത്തെക്കുറിച്ച് പറഞ്ഞത്. അന്ന് പ്ലസ് ടുവിന് അപേക്ഷിക്കാന്‍ ഉമാദേവി ശ്രമിച്ചിരുന്നു. പക്ഷേ അതിനുള്ള സമയം കഴിഞ്ഞതിനാല്‍ നടന്നില്ല. ഇതേകുറിച്ച് വീട്ടിലെല്ലാം സംസാരിച്ചിരുന്നു. അടുത്ത വര്‍ഷം പത്രവാര്‍ത്ത കണ്ട് അപേക്ഷിച്ചു.
രണ്ട് ആണ്‍മക്കളും ഒരു മകളും ഭര്‍ത്താവുമെല്ലാം തന്നെ അമ്മ വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞപ്പോള്‍ വളരെയധികം പിന്തുണയാണ് നല്‍കിയത്.
‘ഞാന്‍ പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോഴേക്കും മക്കളെല്ലാം വളരെയധികം പിന്തുണച്ചു. ചേട്ടനാണ് പിന്നേം പറഞ്ഞത് എല്ലാ പണികളും എടുത്ത് പഠിക്കാന്‍ സമയം കിട്ടുമോ?, നിനക്ക് ക്ഷീണമാകും എന്നൊക്കെ. നല്ലവണ്ണം ആലോചിച്ച് ഇറങ്ങി തിരിച്ചാല്‍ മതിയെന്ന് ചേട്ടന്‍ പറഞ്ഞു. ആള്‍ക്ക് എന്നെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. എതിര്‍പ്പൊന്നുമില്ല. പിന്തുണ തന്നെയാണ്. മോനും മോള്‍ക്കും ഭയങ്കര താല്‍പ്പര്യമായിരുന്നു. അവരെന്നോട് ഇതേ കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞു. ഫീസും മറ്റു കാര്യങ്ങളെല്ലാം അവരോട് പറഞ്ഞപ്പോള്‍ അവര് തന്നെ അതെല്ലാം അടച്ച് എന്നെ പഠിക്കാന്‍ വിട്ടു.’
ഞായറാഴ്ച ദിവസമാണ് പ്ലസ് ടു, പത്താം ക്ലാസ് തുല്യതാ ക്ലാസുകള്‍ നടക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും നടന്നിരുന്ന ക്ലാസുകള്‍ പക്ഷേ കൊറോണയുടെ വരവോടെ നിലച്ചു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം പഠിക്കാനായി ആരംഭിച്ചപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന് ഉമ പറയുന്നു.
‘വന്ന് ചേര്‍ന്ന സമയത്ത് ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു. പഠിച്ചതൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ഭയങ്കര ടെന്‍ഷനായിരുന്നു. എക്കണോമിക്‌സിന്റെ ടീച്ചറോട് എന്റെ വിഷമതകളെല്ലാം പറഞ്ഞു. ഒരുപാട് കാലം വായനയുടേയും പഠനത്തിന്റെയും ലോകത്ത് നിന്ന് മാറി നിന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് അതെന്നും സ്ഥിരമായി വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഇതെല്ലാം ശരിയാകുമെന്നും ടീച്ചര്‍ പറഞ്ഞു. അതു പ്രകാരം പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് വായിക്കാന്‍ ആരംഭിച്ചു. രാവിലെ ആറ് മണി വരെ വായിക്കുമായിരുന്നു. അതിന് ശേഷമാണ് അടുക്കളയില്‍ കയറുന്നത് പോലും.’
പഠനം എളുപ്പമാക്കാന്‍ ഉമ സ്വീകരിച്ച വഴികളും വ്യത്യസ്തമായിരുന്നു.
‘ഒരുപാട് നേരം വായിച്ചു. ആദ്യമൊന്നും മനസില്‍ നിന്നില്ല. പിന്നീട് ഈ പറഞ്ഞപോലെ പുലര്‍ച്ചെ എഴുന്നേറ്റുള്ള പഠനം വളരെയധികം സഹായിച്ചു. ഏറ്റവും ബുദ്ധിമുട്ട് ഇംഗ്ലീഷായിരുന്നു. അതെല്ലാം പഠിച്ചെടുക്കാനായി സ്ലേറ്റില്‍ എഴുതി പഠിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്യുമ്പോള്‍ മനസില്‍ നില്‍ക്കുന്നുമുണ്ട്. ഇത്തവണത്തെ പരീക്ഷക്ക് ഇംഗ്ലീഷിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിച്ചു. എങ്കിലും ഫലം വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കുറവായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അറിയില്ല എനിക്ക്. പക്ഷേ ഞാന്‍ നന്നായി തന്നെ പരീക്ഷ എഴുതിയിരുന്നു.’– ഉമ പറയുന്നു.
പ്ലസ് വണ്ണിനേക്കാള്‍ നല്ലത് പോലെ പ്രയത്‌നിച്ചതിനാല്‍ പ്ലസ് ടുവിന് മാര്‍ക്ക് നല്ലതുപോലെ ലഭിച്ചിട്ടുണ്ടെന്നും ഉമ പറഞ്ഞു. പലരും കളിയാക്കിയാണ് താന്‍ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചതെന്ന് പറയുമ്പോഴും തോറ്റ് പിന്മാറാനായി ഉമദേവി ഒരുക്കമല്ലായിരുന്നു. ഇനിയും ഉമാദേവിക്ക് ആഗ്രഹങ്ങളുണ്ട്.
‘അടുത്തത് ഡിഗ്രി ചെയ്യണമെന്നാണ് ആഗ്രഹം. ബിഎ മലയാളം ഡിസ്റ്റന്‍സ് ആയി ചെയ്യണമെന്നാണ്. റെഗുലറായി പോയി പഠിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ്. ഗുരുവായൂര്‍ മേഴ്‌സി കോളേജില്‍ ചെന്ന് ചേരണമെന്നാണ്.’
****
(* യഥാർഥ പേരല്ല)