ദുബായ്
ട്വന്റി–-20 ലോകകപ്പിന്റെ സൂപ്പർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. യോഗ്യതാ മത്സരങ്ങൾ ഇന്ന് അവസാനിക്കും. സൂപ്പർ 12ലേക്ക് എട്ടു ടീമുകൾ ആദ്യംതന്നെ യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽനിന്ന് ശ്രീലങ്കയും ബംഗ്ലാദേശുമെത്തി. ഐപിഎല്ലിന് വേദിയായ ദുബായ്, ഷാർജ, അബുദാബി സ്റ്റേഡിയങ്ങളിലാണ് സൂപ്പർ 12 പോരാട്ടങ്ങൾ. ഇതിൽ അബുദാബിയിൽ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ്. ഷാർജയും ദുബായിയും ബൗളർമാർക്ക് സഹായം നൽകുന്നതാണ്. അതിനാൽ ടോസ് നിർണായകമാണ്. ടോസ് ലഭിക്കുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കാനായിരിക്കും ശ്രമിക്കുക.
കഴിഞ്ഞ സീസൺ ഐപിഎല്ലിലെ കണക്കുകൾപ്രകാരം 77 ശതമാനം മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയം നേടിയത്. ഇതിൽ അബുദാബിയിലും ഷാർജയിലും 18 മത്സരങ്ങളിൽ 15ലും രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയം സ്വന്തമാക്കി.ദുബായിൽ ഇന്ത്യക്ക് നാലു മത്സരങ്ങളുണ്ട്. 150–-160 ആണ് ഇവിടത്തെ ശരാശരി സ്കോർ. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലെ കണക്കുകൾപ്രകാരമാണിത്. പേസർമാർക്കാണ് മുൻതൂക്കം. ഓരോ 27 റണ്ണിലും വിക്കറ്റ് ലഭിക്കുന്നു. സ്പിന്നർമാർക്ക് 32 റണ്ണിലാണ് ഒരു വിക്കറ്റ്. ദുബായിൽ മൂന്ന് പേസർമാരെ കളിപ്പിക്കാനാണ് സാധ്യത.
ഷാർജയിൽ ബാറ്റിങ് ദുഷ്കരമായിരിക്കും. 2020 പതിപ്പ് ഐപിഎല്ലിൽ ഓരോ 12 പന്തിലും ഒരു സിക്സർ എന്നതായിരുന്നു കണക്ക്. 2021ൽ അത് 23 പന്തായി. ഈ സീസണിൽ ആകെ 98 സിക്സറുകളാണ് പിറന്നത്. റൺ വിട്ടുകൊടുക്കുന്നതിൽ ഓവറിൽ പേസർമാർ 6.92ഉം സ്പിന്നർമാർ 6.79ഉം ആണ്. ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾക്ക് രണ്ടുവീതം മത്സരമുണ്ട് ഇവിടെ. 140–-160 ശരാശരി സ്കോർ.
ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോർ പിറക്കുക അബുദാബിയിലായിരിക്കും. ബാറ്റിങ്ങിന് ഏറെ അനുകൂലായ പിച്ചാണ് അബുദാബിയിൽ. പേസർക്ക് അൽപ്പം ഗുണം കിട്ടുമെങ്കിലും സ്പിന്നർമാർക്ക് മികച്ച റെക്കോഡില്ല. അഫ്ഗാനിസ്ഥാന് ഇവിടെ മൂന്നു മത്സരങ്ങളുണ്ട്. ഓസ്ട്രേലിയക്കും വെസ്റ്റിൻഡീസിനും രണ്ടുവീതം മത്സരങ്ങളും.