തിരുവനന്തപുരം
അതിതീവ്ര മഴയിൽ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിന് തെളിഞ്ഞൊഴുകാൻ സജ്ജമായി സംസ്ഥാനത്തെ പുഴയും തോടും. മണ്ണിടിഞ്ഞും പായൽനിറഞ്ഞും നശിച്ചുകിടന്ന ഇവയെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കേരളം മിഷനാണ് പുനുരുജ്ജീവിപ്പിച്ചത്. സംസ്ഥാനത്ത് 412 കിലോ മീറ്റർ പുഴയും 45,736 കിലോ മീറ്റർ തോടും മറ്റ് നീർച്ചാലും പുനരുജ്ജീവിപ്പിച്ചു.
മഴയെത്ര പെയ്താലും കരകവിയാതെ മഴവെള്ളത്തെ കടലിലെത്തിക്കാൻ ഇവയ്ക്ക് കഴിയും. കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിൽ ജലത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്ന നീർച്ചാലുകളെല്ലാം നാശത്തിലായിരുന്നു.
കൃഷിക്ക് ജലം ലഭിക്കാത്ത സാഹചര്യവുമായിരുന്നു. തുടർന്നാണ്, ഹരിത കേരളം മിഷൻ പുനുരുജ്ജീവന പദ്ധതി നടപ്പാക്കിയത്. ‘ഇനി ഞാനൊഴുകട്ടെ’ എന്ന ജനകീയ ക്യാമ്പയിനും സംഘടിപ്പിച്ചു. മൂന്ന് ഘട്ടമായി നടപ്പാക്കിയ ഈ ക്യാമ്പയിനിൽമാത്രം 10,253 കിലോമീറ്റർ നീർച്ചാൽ പുനരുജ്ജീവിപ്പിച്ചു.
പരിപാലിക്കാം ജലസ്രോതസ്സ്
പേമാരിയെ പഴിച്ചിരിക്കാതെ ജലസ്രോതസ്സിന്റെ പരിപാലനം ഏറ്റെടുക്കാം. നീർച്ചാൽ, തണ്ണീർത്തടം, നെൽപ്പാടം, കുളം തുടങ്ങിയവയിൽ ജലസാന്നിധ്യവും ഉറപ്പാക്കണം. ഇവയിൽ റീചാർജിങ്ങും നടത്തണം. ഒരു നദീതടത്തിലെ അണക്കെട്ടിന് ഉൾക്കൊള്ളാവുന്നത്ര ജലം നദീതടവുമായി ബന്ധപ്പെട്ട നീർച്ചാലുകൾക്ക് ഉൾക്കൊള്ളാനാകും. എന്നാൽ, ഇവയെ കൃത്യമായി പരിപാലിക്കണം.
പുനരുജ്ജീവനം ഇങ്ങനെ
● പുനരുജ്ജീവിപ്പിച്ച പുഴ–- 412 കി. മീ.
● നീർച്ചാൽ/ തോട്–- 45,736 കി. മീ.
● റീച്ചാർജ് ചെയ്ത കിണർ–- 62,921
● നിർമിച്ച കിണർ–- 23,158
● നവീകരിച്ച കുളം –- 25,241
● നിർമിച്ച കുളം–- 18,883
● നവീകരിച്ച കിണർ–- 13,942