ഇടുക്കി
പദ്ധതി പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നതിനാൽ ഇടുക്കി സംഭരണി ജലനിരപ്പിൽ നേരിയ വർധന. എന്നാൽ കൂടുതൽ ഉയരാതെ ക്രമീകരിച്ച് നിർത്തുകയാണ്. നിലവിൽ സംഭരണിയിൽ 2398.24 അടിയുണ്ട്. വ്യാഴം രാവിലെ 2398.12 അടിയായിരുന്നു. ഇടുക്കിയിലേക്ക് വെള്ളമെത്തുന്ന കല്ലാർ ഡാം തുറന്നതും ഉച്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയുമാണ് ചെറിയതോതിൽ ഉയരാൻ കാരണം. കഴിഞ്ഞദിവസം അണക്കെട്ട് തുറന്നത് 2398.08 അടിയിലായിരുന്നു. ഏതാനും മണിക്കൂർ പിന്നിട്ടപ്പോൾ ജലവിതാന സമ്മർദംമൂലം ചെറിയ അളവിൽ ഉയർന്നെങ്കിലും ക്രമേണ കുറഞ്ഞു. അധികം ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയാണ് വെള്ളം നിലനിർത്തുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറിലൂടെയും നീരൊഴുക്ക് തുടരുന്നു.
മൂന്ന് ഷട്ടറിലൂടെയും മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തുവിടുന്നത്. മണിക്കൂറിൽ 36 കോടി ലിറ്ററും ദിവസം 864 കോടി ലിറ്ററുമാണ് പുറത്തുപോകുന്നത്. അണക്കെട്ടിലിപ്പോൾ ശേഷിയുടെ 94.42 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 89.63ശതമാനമായിരുന്നു.
നിലവിൽ റെഡ് അലർട്ടിലാണ്. അണക്കെട്ട് തുറന്നിരിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ചെറുതോണി ഷട്ടർ മേഖല, ആർച്ച് ഡാം ടോപ്പ്, കുളമാവ് അണക്കെട്ട് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കൂടാതെ പെരിയാറിന്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങളും യഥാസമയം വിലയിരുത്തുന്നുണ്ട്.