ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചത് സി.പി.എം ഓഫീസിൽ. ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ 13ാം വാർഡിലാണ് സംഭവം. പ്രളയ ബാധിതർക്ക് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് സി.പി.എം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്തത്.
പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് സി.പി.എം ഓഫീസ് വഴിഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസർ നൽകുന്ന വിശദീകരണം.
മുട്ടാർ പഞ്ചായത്തിൽ മഴക്കെടുതി വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിരുന്നു. പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിരുന്നു. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റ് വീടുകളിലേക്കും മാറ്റിയിരുന്നു. അതോടപ്പം തന്നെ നിരവധി ആളുകൾ വീടുകളുടെ രണ്ടാം നിലയിലേക്കും മാറിയിരുന്നു.
പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതിനെതിരെ പരാതി വ്യാപകമാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ ഉൾപ്പെടെ ദുരിതബാധിതരായി കഴിയുമ്പോൾ സിപിഎം ഓഫീസിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത് ശരിയല്ലെന്നാണ് അഭിപ്രായം.
സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണ് മുട്ടാറിൽ ഉണ്ടായത്. ഒരു രാഷ്ട്രീയപാർട്ടിയുടെ ലേബലിൽ അവരുടെ കൊടിവെച്ച പാർട്ടി ഓഫീസ് വഴി ദുരിതബാധിതർക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതിനാൽ മറ്റ് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട പലരും ദുരിതബാധിതർക്കുള്ള സഹായം കൈപ്പറ്റേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
Content Highlights: complaint over flood relief materials being distributed from cpm office