തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേരുന്നതല്ലെന്ന് സി.പി.എം. പ്രകൃതിക്ഷോഭംനേരിടാൻ സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചത്. എന്ത് പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽആരോപിച്ചു.
മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമർശിക്കാൻ കാണിക്കുന്നില്ല. ഉരുൾപ്പൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ ?ഹൈക്കമാന്റിന്റെ മാത്രം പിന്തുണയുള്ള, സ്വന്തം പാർട്ടി എം.എൽ.എമാരുടെ പോലും പിന്തുണയില്ലാത്ത ഒരാളാണ് ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് എന്നും സി.പി.എം പരിഹസിച്ചു.
രക്ഷാപ്രവർത്തനത്തിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയതിന് ശേഷവും സതീശൻ ആരോപണങ്ങൾ ആവർത്തിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
ഇന്നലെ മുഖ്യമന്ത്രി അതുമായ ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്നാൽ വീണ്ടും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സി.പി.എം പറയുന്നത്. അതുകൊണ്ടാണ് സതീശനെ ശക്തമായി വിമർശിക്കുന്ന വാർത്താ കുറിപ്പ് ഇപ്പോൾ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: VD Satheeshan, CPIM, A. Vijayaraghavan