കൊച്ചി > വ്യാജ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ മുൻ കൂട്ടാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. മോൻസണിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ആരാഞ്ഞതെന്ന് അനിത മാധ്യമങ്ങളോടു പറഞ്ഞു.
മോൻസണിന്റെ ഉന്നത ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളും സംരക്ഷിച്ചിരുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കൈമാറി. മോൻസന്റെ തട്ടിപ്പിന് ഇരയായവരിൽ അറിയുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മോൻസൻ തട്ടിപ്പുകാരൻ ആണെന്ന് അറിയില്ലായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതോടെ തെറ്റിപ്പിരിയുകയായിരുന്നു. തട്ടിപ്പിന് ഇരയായവരെ സഹായിക്കുകയാണ് താൻ ചെയ്തതെന്നും മൊഴി നൽകി.
പ്രവാസി സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മോൻസനുമായി അടുപ്പത്തിലായത്. മോൻസണുമായി യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. മോൻസനെ സംരക്ഷിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്. തന്റെ കൂടി ഇടപെടൽ ഉള്ളതുകൊണ്ടാണ് മോൻസനെ പിടികൂടിയത്. മോൻസൺ പാവങ്ങളെ പറ്റിച്ചില്ല എന്നാണ് ചിലർ പറയുന്നത്. എന്നാൽ, പാവങ്ങളെ പറ്റിച്ചായിരുന്നു ഇയാളുടെ തുടക്കമെന്നും അനിത പറഞ്ഞു.