കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായ ശേഷം ഉച്ചയ്ക്ക് ഒരുമണിക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കൊക്കയാറിൽ അപകടമുണ്ടായി 21 മണിക്കൂറിന് ശേഷമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയത്. ജനപ്രതിനിധി എത്തിയപ്പോൾ പോലും സർക്കാർ സംവിധാനം രക്ഷാപ്രവർത്ത രംഗത്ത് ഉണ്ടായിരുന്നില്ല. പിന്നെ എന്ത് ആവശ്യമാണ് സർക്കാരിനെക്കൊണ്ട് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള നാല് അടിയന്തര പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. വിമർശനങ്ങൾ അംഗീകരിക്കാനോ കേൾക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. അദ്ദേഹം സ്തുതിപാടകരുടെ നടുവിലാണെന്നും സതീശൻ പറഞ്ഞു. അകാരണമായി ലോക്ക്ഡൗൺ നീട്ടിയ സര്‍ക്കാര്‍ അതു മൂലം സാമ്പത്തിക പ്രതിസന്ധിയിലായവരെ രക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില ഘട്ടങ്ങളിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചു. പ്രതിസന്ധി ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതല്ലെന്നും സാങ്കേതികവിദ്യക്ക് അത്രത്തോളം മാത്രമേ എത്താൻ സാധിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾക്ക് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശനങ്ങൾ ഉന്നയിക്കുന്നത് കാര്യങ്ങൾ ശരിയായി നടത്തുന്നതിനാകണം. നിര്‍ഭാഗ്യവശാൽ അതല്ല നടക്കുന്നതെന്നും ദുരന്തനിവാരണ സംവിധാനം തന്നെ ദുരന്തമായെന്ന വിമര്‍ശനം പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങൾ ഉന്നയിക്കുമ്പോൾ എന്താണ് കുറവെന്നും പുതുതായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും പറഞ്ഞാൽ അത് പരിശോധിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.