തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ വിദേശ വനിത അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. ആറ് ദിവസം മുമ്പ്വീഡിയോ കോൾ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അനിത നൽകിയ മൊഴി.
പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് അനിത പുല്ലയിലിൽ നിന്ന് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്.
മോൻസൺ മാവുങ്കലുമായി ഏത് തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്? സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്. പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതെന്നും ആ ഘട്ടത്തിൽ അദ്ദേഹത്തിനെതിരേ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയായിരുന്നുവെന്നുംഅനിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇതോടെ മോൻസൺ മാവുങ്കലുമായി അകന്നുവെന്നും മൊഴിയിൽ പറയുന്നു.
പ്രവാസി സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് മോൺസൺന്റെകരൂരിലെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയോടെ മോൻസൺന്റെ മ്യൂസിയം സന്ദർശിക്കാൻ അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെഹ്റ മ്യൂസിയത്തിൽ എത്തുന്നതും പുരാവസ്തുക്കൾ കാണുന്നതുമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
കൂടുതൽ വിവരങ്ങൾ ആവശ്യമായി വരികയാണെങ്കിൽ അനിതയെ നോട്ടീസയച്ച് വിളിപ്പിക്കുന്നതടക്കം ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തുടർന്നുള്ള അന്വേഷണത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുക.
അതേസമയം കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന കേരളാ പോലീസിന്റെ കൊക്കൂൺ കോൺഫറൻസുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ അനിത പുല്ലയിൽ ഗ്രാന്റ് ഹയാത്തിൽ താമസിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാന വ്യക്തികളുമായി ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
എന്തിനായിരുന്നു പോലീസിന്റെ വേദിയിൽ എത്തിയത് എന്ന ചോദ്യത്തിന്, ഹോട്ടലിൽ നിന്ന് ഒരു സെലിബ്രിറ്റിയെ ഇരിങ്ങാലക്കുടയിലെ ഒരു കോളേജിലെ പരിപാടിയിലേക്ക് ക്ഷണിക്കാൻ വേണ്ടിയിട്ടായിരുന്നു എന്നായിരുന്നു അനിതയുടെ മറുപടി. എന്നാൽ അന്നത്തെ ദിവസം പോകാൻ സാധിച്ചില്ലെന്നും ഹോട്ടലിൽ താമസിച്ച് പിറ്റേ ദിവസം മടങ്ങുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു.
അനിതയുടെ പ്രാഥമിക മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടെങ്കിൽഅക്കാര്യങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായി വരുമെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം. ഇതോടൊപ്പം തന്നെ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൗണ്ടിൽ നിന്ന് ആർക്കൊക്കെ പണം ലഭിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി അവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വരികയാണ്.
Content Highlights: Monson mavunkal case update: crime branch record anitha pullayil statement