തിരുവനന്തപുരം: ലേബർ ഓഫീസിലെ ചർച്ചയ്ക്കിടയിൽ ക്രെഡായി പ്രതിനിധിയെ മർദിച്ച സംഭവത്തിൽ ഐ.എൻ.ടി.യു.സി. നേതാവ് അറസ്റ്റിൽ. ക്രെഡായി ജില്ലാ സെക്രട്ടറി അരുൺ എ. ഉണ്ണിത്താനെ ചർച്ചയ്ക്കിടെ ലേബർ ഓഫീസറുടെ മുന്നിൽ വച്ച് മർദിക്കുകയും കസേരയെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഐ.എൻ.ടി.യു.സി. നേതാവ് ചാല നാസ്സർ ആണ് അറസ്റ്റിലായത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടിയ നിരക്കാണ് തിരുവനന്തപുരത്ത് ചുമട്ടുതൊഴിലാളികൾ ഈടാക്കുന്നതെന്ന് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് അതിജീവനത്തിന്റെ കാലത്ത് ഇനിയും കൂടുതൽ തുക ഈടാക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച നടത്തി ചെറിയ വർധന വരുത്തി ഒത്തുതീർപ്പിലെത്തിയപ്പോഴാണ് ഐ.എൻ.ടി.യു.സി.യെ പ്രതിനിധാനംചെയ്ത് എത്തിയെന്നു പറഞ്ഞ നേതാവ് അരുണിനെ മർദിച്ചത്. ചർച്ചയ്ക്കിടയിൽ അക്രമം നടന്നിട്ടും ലേബർ ഓഫീസർ പോലീസിനെ അറിയിക്കാൻ തയ്യാറായില്ലെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.