തിരുവനന്തപുരം
ഇന്ധനവില വർധനയ്ക്കൊപ്പം മഴക്കെടുതി മൂലമുള്ള കൃഷിനാശം കൂടിയായതോടെ പച്ചക്കറി വിലയിൽ വർധന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴയിലുണ്ടായ കൃഷി നാശവും വരും ദിവസങ്ങളിൽ വിലക്കയറ്റത്തിനിടയാക്കിയേക്കും.
സവാള, ക്യാരറ്റ്, തക്കാളി, പച്ചമുളക്, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്കാണ് വില വർധന. 20–-25 രൂപയുണ്ടായിരുന്ന തക്കാളിക്ക് 60–-70 രൂപയായി. 20–-25 രൂപയുണ്ടായിരുന്ന സവാള വില 50–-60 ഉം മുരിങ്ങയ്ക്ക് 80 രൂപ വരെയും വഴുതനയ്ക്ക് 70 രൂപവരെയുമായി. 15 രൂപയുണ്ടായിരുന്ന വെള്ളരിക്ക് ഇരട്ടിയായി. മറ്റ് പച്ചക്കറികൾക്കും 10 മുതൽ 15 ശതമാനം വരെ വില വർധനയുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നാനൂറ് ഹെക്ടറോളം സ്ഥലത്തെ പച്ചക്കറിക്കൃഷി നശിച്ചിട്ടുണ്ട്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഫെഡിൽനിന്ന് കൂടുതൽ സവാളയും ഉള്ളിയും ഇറക്കുമതി ചെയ്യുമെന്ന് ഹോർട്ടികോർപ് എംഡി ജെ സജീവ് പറഞ്ഞു. സംസ്ഥാനത്തെ കർഷകരിൽനിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.