തിരുവനന്തപുരം
കെപിസിസി ഭാരവാഹിപ്പട്ടികയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അപ്രതീക്ഷിത നീക്കവുമായി രമേശ് ചെന്നിത്തല. ഇതോടെ പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി. കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയ ചെന്നിത്തല ഹൈക്കമാൻഡിന് പരാതി നൽകി. എ, ഐ ഗ്രൂപ്പുകളുടെ ധാരണപ്രകാരമാണ് ഈ നീക്കം. ഉമ്മൻചാണ്ടിയുമായി അദ്ദേഹം ആശയവിനിമയം നടത്തിയെന്നാണ് സൂചന.
പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനുമുമ്പ് അവസാനവട്ട ചർച്ച നടത്തിയില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. ഡിസിസി നിയമനത്തിലെന്നപോലെ ഏകപക്ഷീയ നിലപാടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ആവശ്യമുണ്ടോയെന്ന ചോദ്യവും ചെന്നിത്തല ഉയർത്തി.
കെ സുധാകരൻ–-വി ഡി സതീശൻ ദ്വയത്തിനെതിരെ പരസ്യ യുദ്ധത്തിനുള്ള പുറപ്പാടിലാണ് എ, ഐ ഗ്രൂപ്പുകൾ. സംഘടനാ തെരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി മേൽക്കൈ നേടുകയാണ് ലക്ഷ്യം. കെപിസിസി ഭാരവാഹിപ്പട്ടിക ഇപ്പോൾ ഹൈക്കമാൻഡിന്റെ പക്കലാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും സംസ്ഥാന നേതൃത്വത്തിനൊപ്പമാണ്. പരാതി പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.