ന്യൂഡൽഹി
ജമ്മു -കശ്മീരിൽനിന്ന് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപ്പലായനം ബുധനാഴ്ചയും തുടർന്നു. സിഖ്, ഹിന്ദു തുടങ്ങി ന്യൂനപക്ഷവിഭാഗക്കാരും താഴ്വര വിടുന്നു. ഒക്ടോബർ ആറിനുശേഷം ഭീകരര്‍ക്ക് ഇരയായത് ഇതര സംസ്ഥാനക്കാരും ന്യൂനപക്ഷക്കാരുമായ 11 പേർ. അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഗൂഢാലോചന, പാക് പങ്ക് തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. ശ്രീനഗർ, ബാരാമുള്ള, സൊപുർ, പുൽവാമ, കുൽഗാം തുടങ്ങി 11 ഇടത്തുനിന്നായി പത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ എണ്ണൂറോളം പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ജമാഅത്തെ ഇസ്ലാമി, ഹുറിയത്ത് കോൺഫറൻസ്, ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ലഷ്കറെയുടെ പോഷകസംഘടനയെന്നു കരുതപ്പെടുന്ന ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഏറ്റെടുത്തു. ആക്രമണങ്ങൾ മതാടിസ്ഥാനത്തിലല്ലെന്നും സർക്കാരിനായി പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണെന്നും അവകാശപ്പെട്ടു.
വിളവെടുപ്പ് സീസണിന്റെ പാരമ്യത്തിൽ തൊഴിലാളികൾ കൂട്ടമായി മടങ്ങുന്നത് കശ്മീരിന്റെ കാർഷികമേഖലയെ പ്രതിസന്ധിയിലാക്കി. താഴ്വരയിലെ നാലു ലക്ഷത്തോളം അതിഥിത്തൊഴിലാളികളിൽ 29 ശതമാനം കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരാണ്.
അതിഥിത്തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാന്‍ പള്ളികളിലൂടെയുള്ള പ്രചാരണം സജീവമായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം മുൻനിർത്തി താഴ്വരയിൽ സുരക്ഷ ശക്തിപ്പെടുത്തി.