ആലപ്പുഴ
നാടിന്റെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പൊരുതി മരിച്ച സമരസഖാക്കൾക്ക് നാടിന്റെ ആദരം. പുന്നപ്ര വയലാർ സമരത്തിന്റെ 75-ാം വാർഷിക വാരാചരണത്തിന് ഉജ്ജ്വല തുടക്കം. ഗ്രാമങ്ങളിലും നഗരങ്ങളിലും രക്തപതാക ഉയർത്തിയതോടെയാണ് വാരാചരണ പരിപാടികൾക്ക് തുടക്കമായത്. ഇനി ഒരാഴ്ച മഹത്തായ വിപ്ലവത്തിന്റെ ഓർമപ്പെടുത്തലുമായി വിവിധ പരിപാടികൾ. 27ന് വയലാർ ദിനത്തോടെ സമാപനം.
പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്റെ 49–-ാം ചരമവാർഷികാചരണവും ആചരിച്ചു. വ്യാഴം രാവിലെ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിലും വൈകിട്ട് അഞ്ചിന് എൻ കെ സഹദേവൻ മേനാശേരിയലും പതാക ഉയർത്തും.