തിരുവനന്തപുരം
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ (കീം) പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ പട്ടിക പരിശോധിക്കാം. സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയിട്ടുള്ളവർ ഉൾപ്പെടെ) 25ന് വൈകിട്ട് നാലിനുമുമ്പായി ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.’
കോവിഡ്, പ്രകൃതിക്ഷോഭം എന്നിവയിൽ നേരിട്ട് ഹാജരാകാൻ ആകാത്തവർ കോളേജുമായി ബന്ധപ്പെടണം. സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയിട്ടുള്ളവർ ഉൾപ്പെടെ) ഇപ്പോൾ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല.
പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ നിർദേശിച്ചിരിക്കുന്ന രീതിയിൽ ഓൺലൈനായി പ്രവേശനം നേടാം.നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടച്ചശേഷം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനും റദ്ദാകും. വിശദ വിവരത്തിന്: www.cee.kerala.gov.in, ഫോൺ: 0471 2525300.
അപാകം പരിഹരിക്കാം
സംസ്ഥാനത്തെ കോ–- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്) കീഴിലുള്ള സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ സഹകരണവകുപ്പിലെ ജീവനക്കാരുടെയും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മക്കൾക്കുള്ള പ്രത്യേക സംവരണത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനും അവസരം. 25ന് പകൽ മൂന്നുവരെയാണ് സമയം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘കീം 2021 കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിൽ അപേക്ഷാനമ്പരും പാസ് വേഡും നൽകി ലോഗിൻ ചെയ്ത് ‘മെമോ ഡീറ്റയിൽസ്’ എന്ന മെനു ക്ലിക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും.
പരിഹരിക്കുന്നതിന് ആവശ്യമായ രേഖ/സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി നൽകണം. പിന്നീട് അവസരം നൽകില്ല. ഫോൺ: 0471 2525300.