ദുബായ്
വെടിക്കെട്ടിന് ടീം ഇന്ത്യ തയ്യാർ. ഒരുക്കം പൂർണം. തുടർച്ചയായി രണ്ടാം സന്നാഹ മത്സരത്തിലും ജയിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച പാകിസ്ഥാനെ നേരിടാൻ സജ്ജമായി. ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിനാണ് തോൽപ്പിച്ചത്.
ആദ്യ പരിശീലനത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയിരുന്നു. ഓസീസ് എട്ട് ബൗളർമാരെ പരീക്ഷിച്ചിട്ടും ഇന്ത്യയെ കുലുക്കാനായില്ല. സ്കോർ: ഓസ്ട്രേലിയ 5–-152, ഇന്ത്യ 1–-153 (17.5). ഓപ്പണർമാർ ഗംഭീര ഫോമിലായിരുന്നു. കെ എൽ രാഹുലും രോഹിത് ശർമയും ഒന്നാം വിക്കറ്റിൽ 68 റണ്ണടിച്ചു. 31 പന്തിൽ 39 റൺ നേടിയ രാഹുൽ രണ്ട് ഫോറും മൂന്ന് സിക്സറും കണ്ടെത്തിയാണ് മടങ്ങിയത്. 41 പന്തിൽ 60 റണ്ണടിച്ച രോഹിത് മറ്റ് ബാറ്റർമാർക്ക് അവസരം നൽകാൻ പിൻവാങ്ങി. അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി. സൂര്യകുമാർ യാദവും (27 പന്തിൽ 38) ഹാർദിക് പാണ്ഡ്യയും (എട്ട് പന്തിൽ 14) അനായാസജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. ആർ അശ്വിൻ രണ്ടാം ഓവറിൽ പുതിയപന്ത് തിരിച്ചപ്പോൾ ഓസീസിന് 11 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. വാർണർ (1) വിക്കറ്റിനുമുന്നിൽ കുരുങ്ങി. മിച്ചൽമാർഷിനെ ആദ്യ പന്തിൽ രോഹിത് പിടിച്ചു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (8) രവീന്ദ്ര ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു. 57 റണ്ണെടുത്ത സ്റ്റീവൻ സ്മിത്താണ് കരകയറ്റിയത്. മാക്സ്വെലും (37) സ്റ്റോയിനിസും (41*) പിന്തുണ നൽകി.
പന്തെറിഞ്ഞ് കോഹ്ലി
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലി ബൗളറായി. രോഹിത് ശർമ നയിച്ച കളിയിൽ ഏഴാം ഓവറിലാണ് മീഡിയം പേസറായി കോഹ്ലിയെ പരീക്ഷിച്ചത്. ആദ്യ ഓവറിൽ നാലും രണ്ടാം ഓവറിൽ എട്ടും റൺ വഴങ്ങി. കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയില്ല. ബാറ്റർമാരിൽനിന്നു ഒരു ആറാം ബൗളറെ തേടുന്നുവെന്ന് രോഹിത് പറഞ്ഞിരുന്നു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്ക് പരിശീലന മത്സരത്തിൽ വിശ്രമം അനുവദിച്ചു. ക്യാപ്റ്റൻ ഏഴ് ബൗളർമാരെ കളിയിൽ പരീക്ഷിച്ചു.