റോഡിൽ വെള്ളമുള്ളപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വാഹനം അപകടത്തിൽ പെടാനും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളം ഉയരാൻ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കിൽ ബസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, കുളത്തൂപ്പുഴ അടക്കം മുമ്പ് വെള്ളം ഉയർന്നിട്ടുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കെഎസ്ആർടിസി നിർദ്ദേശിച്ചു. ഏത് അടിയന്തര സാഹചര്യങ്ങളിലും വാഹനം മാറ്റാൻ തയ്യാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോകളിലും ഏത് സമയം ആവശ്യപ്പെട്ടാലും വാഹനങ്ങൾ മാറ്റാൻ അഞ്ച് ഡ്രൈവർമാർ തയ്യാറായി നിൽക്കണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനു പിന്നാലെയാണ് കെഎസ്ആർടിസി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്നാണ് ബസ് മുങ്ങിയത്. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.
ബസില്‍ കുട്ടികളും പ്രായമായവരും അടക്കം 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ ബസ്സാണ് പൂഞ്ഞാറിൽ വെച്ച് വലിയ വെള്ളക്കെട്ടിൽ പെട്ടത്.