തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവന നൽകുന്ന വിശിഷ്ട വ്യക്തികൾക്ക് പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. കേന്ദ്രസർക്കാരിന്റെ പദ്മ പുരസ്കാരത്തിന്റെ മാതൃകയിലാണ് സംസ്ഥാന തലത്തിൽ പരമോന്നത ബഹുമതിഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേരള പുരസ്കാരം എന്നാണ് പുരസ്കാരത്തിന്റെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്കാരം നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദേശങ്ങൾ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുരസ്കാരം പ്രഖ്യാപിക്കും രാജ്ഭവനിലാണ് പുരസ്കാര വിതരണ ചടങ്ങ് നടത്തുക.
കേരള ജ്യോതി പുരസ്കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക. കേരള പ്രഭ പുരസ്കാരം രണ്ട് പേർക്കും കേരള ശ്രീ പുരസ്കാരം അഞ്ച് പേർക്കും നൽകും. പ്രാഥിമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാർഡ് സമിതിയാണ് പുരസ്കാരം നിർണയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights:kerala awards, state cabinet decides to introduce state honors