കൊച്ചി > മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ ഒരു ചാനൽ മേധാവിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം. പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മാതാവ് ആർ വസന്തകുമാരി സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് കെ ഹരിപാൽ പിന്മാറി. കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും.
ചാനലിനെതിരെ പ്രദീപ് ചില റിപ്പോർട്ടുകൾ നൽകിയെന്നും ഇതേ തുടർന്ന് ഒരു ചാനൽ
ജീവനക്കാരനിൽ നിന്ന് പ്രദീപിന് ഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സംഭവത്തിൽ പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കരമന പൊലീസ് സ്റ്റേഷനിൽ ചാനൽ ജീവനക്കാരനെ വരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിക്ക് പങ്കുണ്ടെന്ന് ഇതേ ചാനലിലെ മറ്റൊരു ജീവനക്കാരന്റെ
ഭാര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ടന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചാനൽ മേധാവിയുടെ
സ്വാധീനം കണക്കിലെടുത്ത് കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.