തിരുവനന്തപുരം: നെതർലൻഡ്സ് മാതൃക അവിടെ പോയി മനസ്സിലാക്കിയ ശേഷം പിന്നീടെന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ലെന്ന ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറിയാൻ ഫിലിപ്പിന് ഇടത്പക്ഷവുമായി എന്തെങ്കിലും അകൽച്ചയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. മുൻപ് കോൺഗ്രസുമായി സഹകരിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് ഇടത്പക്ഷവുമായി ചേർന്ന് സഹകരിക്കുന്നു. പൊതു രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ് അദ്ദേഹം.
കോൺഗ്രസുമായി സഹകരിക്കേണ്ടെന്നും ഇടതുപക്ഷവുമായി സഹകരിക്കേണ്ടതാണെന്നും തോന്നിയ അദ്ദേഹം നല്ല രീതിയിലാണ് സഹകരിച്ചത്. തിരിച്ചും നല്ല രീതിയിൽ മാന്യമായിട്ടാണ് ചെറിയാൻ ഫിലിപ്പിനോട് സഹകരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിലയിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയാൻഫിലിപ്പിന്റെ രക്ഷകർതൃ സ്ഥാനത്ത് നിന്നുകൊണ്ട് കൊണ്ടുനടന്നു എന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM on Cheriyan Philip mentioning nederlands model