തിരുവനന്തപുരം > കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തില്‍ പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന് പേരു നല്‍കും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം. എല്ലാവര്‍ഷവും ഏപ്രില്‍ മാസം പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓരോ വർഷവും കേരള ജ്യോതി പുരസ്കാരം ഒരാൾക്കും കേരള പ്രഭ പുരസ്കാരം രണ്ട് പേർക്കും, കേരള ശ്രീ പുരസ്കാരം 5 പേർക്കും നൽകും. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാര്‍ഡ് സമിതി പുരസ്കാരം നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.