തിരുവനന്തപുരം
മൂന്ന് അണക്കെട്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തുറക്കേണ്ടിവന്നിട്ടും മുന്നൊരുക്കവും തികഞ്ഞ കരുതലുംകൊണ്ട് ജനങ്ങളുടെ ആശങ്കകൾ അപ്പാടെയകറ്റി സംസ്ഥാന സർക്കാർ. ഷട്ടറുകൾ ഒന്നൊന്നായി തുറക്കുന്നത് ശ്വാസമടക്കി കേരളീയർ കണ്ടുനിന്നെങ്കിലും തികഞ്ഞ വൈദഗ്ധ്യത്തോടെയാണ് സർക്കാരും വിവിധ വകുപ്പുകളും പ്രതിസന്ധി മറികടന്നത്. കാര്യങ്ങൾ കൈവിട്ടു പോയാൽ മുതലെടുക്കാൻ കാത്തുനിന്നവർ നിരാശരായെന്ന് ദുരന്തനിവാരണ അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പ്രകോപിതനായതിൽനിന്ന് വ്യക്തം.
സംസ്ഥാന ചരിത്രത്തിൽ ഇതേവരെ മൂന്ന് അണക്കെട്ട് ഒരേദിവസം ഒന്നൊന്നായി തുറക്കേണ്ടി വന്നിട്ടില്ല. അണക്കെട്ട് തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചെന്ന പഴയ ആരോപണം പൊടിതട്ടിയെടുക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുത്തും മണിക്കൂറുകളിടവിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയുമാണ് സർക്കാർ മുന്നേറിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളെ നിരന്തരം ഓർമിപ്പിച്ചു. ഇടുക്കിയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ കൃഷ്ണൻകുട്ടിയും ഉന്നത ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തു. കോട്ടയത്ത് മന്ത്രി വി എൻ വാസവനും ആലപ്പുഴയിൽ മന്ത്രിമാരായ സജി ചെറിയാനും കെ രാജനും എറണാകുളത്ത് പി രാജീവും ജനങ്ങൾക്കൊപ്പം നിന്നു.
ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് തുറന്നത്. മന്ത്രിമാരായ വീണാ ജോർജും കെ രാജനും ഉന്നതതല യോഗങ്ങൾ വിളിച്ച് സ്വീകരിക്കേണ്ട നടപടികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. അതെല്ലാം ഫലം കണ്ടെന്ന് പിന്നീടുള്ള മണിക്കൂറുകൾ തെളിയിച്ചു. ഇടമലയാർ രാവിലെ ആറിന് തുറന്നു. ഇടുക്കി ചെറുതോണിയിൽ ആദ്യ ഷട്ടർ തുറക്കാനുള്ള സൈറൺ മുഴങ്ങിയതുമുതൽ മൂന്നാം ഷട്ടർ തുറക്കുന്നതുവരെ കണ്ണിമ പൂട്ടാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും കാത്തിരുന്നു. ദിവസങ്ങളെടുത്തുള്ള ആസൂത്രണം വിജയം കണ്ടു.
അണക്കെട്ടുകളിലെ സ്ഥിതിഗതി വിലയിരുത്താൻ വൈദ്യുതി ബോർഡ്, ജലസേചന, മോട്ടോർ വാഹന വകുപ്പുകൾ, ആർമി പ്രതിനിധികളെ നിയോഗിച്ചിരുന്നു. പൊലീസ്, അഗ്നിരക്ഷാസേന, ലാൻഡ് റവന്യൂ കൺട്രോൾ റൂമുകളുമായും അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തുന്നു.
ദുരന്ത നിവാരണ അതോറിറ്റിയെ കുറ്റപ്പെടുത്തിയ വി ഡി സതീശൻ മുന്നറിയിപ്പുകൾ നൽകേണ്ട കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. ഉരുൾപൊട്ടലുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം ഗ്രീൻ അലർട്ടാണ് നൽകിയിരുന്നത്. അത് മറച്ചുപിടിച്ചാണ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്.
തെളിഞ്ഞത് ആസൂത്രണമികവ്
സംസ്ഥാനത്തെ അണക്കെട്ടുകളുടെ പ്രവർത്തനം ആസൂത്രണമികവിന്റെയും ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെയും കരുത്തിൽ. കാലവർഷത്തെ നേരിടാൻ തുടക്കംമുതൽ സുസജ്ജമായിരുന്നു കെഎസ്ഇബി. കാലാവസ്ഥാ മാറ്റങ്ങൾ സംസ്ഥാനത്തുണ്ടാക്കുന്ന പ്രതിഫലനംകൂടി പരിഗണിച്ചായിരുന്നു നീക്കങ്ങൾ. അധികമായി ലഭിച്ച വേനൽമഴയിൽ അണക്കെട്ടുകളിൽ സാധാരണയിൽ കൂടുതൽ ജലമുണ്ടായിരുന്നതും കണക്കിലെടുത്തു.
2018ലെ മഹാപ്രളയം സൂക്ഷ്മമായി പഠിച്ച് വിലയിരുത്തി അപ്രതീക്ഷിത സാഹചര്യങ്ങൾ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ അണക്കെട്ടുകളുടെ റൂൾ കർവ് കേന്ദ്ര ജലകമീഷൻ അംഗീകാരത്തോടെ പുതുക്കി. ചെറിയ അണക്കെട്ടുകൾക്ക് ഇത് പ്രായോഗികമല്ല. റൂൾ കർവിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടിൽ ജലം നിയന്ത്രിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചു.
അണക്കെട്ടുകൾ തുറന്നുവിടേണ്ട ഘട്ടം, തുറന്നാൽ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കും, എത്രത്തോളം വെള്ളമുയരും, അനുസൃതമായി സ്വീകരിക്കേണ്ട നടപടി എന്നിവയുൾപ്പെട്ട അടിയന്തര ഘട്ട കർമപദ്ധതി (എമർജൻസി ആക്ഷൻ പ്ലാൻ) ഓരോ അണക്കെട്ടിനും പ്രത്യേകമായി തയ്യാറാക്കി. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായവും സ്വീകരിച്ചു.
കേന്ദ്ര ജലകമീഷൻ, കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു. മഴക്കാലത്തിനുമുമ്പ് അണക്കെട്ടുകളിൽ വിശദ പരിശോധന നടത്തി. അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ഷട്ടറുകളുടെ സുഗമമായ പ്രവർത്തനവും വാർത്താവിനിമയ സംവിധാനങ്ങളും ഉറപ്പാക്കി.
ഒക്ടോബറിൽ അധികമഴ ലഭിച്ചതോടെ കൂടുതൽ ജാഗ്രതയിലായി. ഓരോ ഘട്ടത്തിലുമുള്ള മഴയുടെ അളവും നീരൊഴുക്കും പരിഗണിച്ച് റൂൾ കർവ് അനുസരിച്ച് ജലവിതാനവും വൈദ്യുതോൽപ്പാദനവും ക്രമീകരിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് അണക്കെട്ടുകൾ തുറക്കാൻ നടപടി സ്വീകരിച്ചു. അണക്കെട്ടുകൾ തുറന്നതല്ല; 2018ൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ അളവിൽ മഴ ലഭിച്ചതാണ് മഹാപ്രളയത്തിന് ഇടയാക്കിയത്.