ആലപ്പുഴ
സ്വാതന്ത്ര്യ സമരചരിത്രത്തിൽ സുവർണലിപിയിൽ രേഖപ്പെടുത്തിയ പുന്നപ്ര വയലാർ വിപ്ലവത്തിന്റെ 75–-ാം വാർഷിക വാരാചരണം ബുധനാഴ്ച തുടങ്ങും. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പിയുടെ പട്ടാളത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച പുന്നപ്ര, മാരാരിക്കുളം, മേനാശേരി, വയലാർ സമരസഖാക്കളുടെ സ്മരണയാണ് പുതുക്കുന്നത്. 23ന് പുന്നപ്രയിലും 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും വീരസ്മരണ പുതുക്കും. 27ന് വയലാർ രക്തസാക്ഷി ദിനത്തോടെ വാരാചരണം സമാപിക്കും.
സിപിഐ എം–- – സിപിഐ സംയുക്താഭിമുഖ്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള വാരാചരണം. ഇരുപാർടിയുടെയും നേതാക്കൾ പങ്കെടുക്കും. പുന്നപ്ര സമരഭൂമി, വലിയചുടുകാട് രക്തസാക്ഷി മണ്ഡപം, മാരാരിക്കുളം എന്നിവിടങ്ങളിൽ ബുധനാഴ്ച പതാക ഉയരും.
മേനാശേരിയിലും വയലാറിലും വ്യാഴാഴ്ച. 23ന് വൈകിട്ട് പുന്നപ്ര സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. പരിപാടികൾ സിപിഐ എം, സിപിഐ ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.