ബീജിങ്
ചന്ദ്രനില് പ്രാചീന അഗ്നിപര്വത സ്ഫോടനങ്ങളുടെ നിര്ണായക വിവരം ലഭിച്ചതായി ചൈനീസ് ഗവേഷകര്. കഴിഞ്ഞവര്ഷം ചൈനീസ് പേടകം ഭൂമിയിലെത്തിച്ച ചന്ദ്രനിലെ പാറകളില്നിന്നാണ് ചന്ദ്രന്റെ രാസഘടനയെക്കുറിച്ച് നിര്ണായക വിവരം ലഭിച്ചത്. അഗ്നിപര്വത പ്രവർത്തനം 200 കോടി വര്ഷംമുമ്പ് വരെ സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി ചൈനീസ് ഭൂതത്വശാസ്ത്രജ്ഞന് ലി സിയാന്ഹുവ പറഞ്ഞു. 300 കോടി വര്ഷംമുമ്പ് ഇത്തരം പ്രവര്ത്തനങ്ങൾ ചന്ദ്രോപരിതലത്തില് നിലച്ചു എന്നായിരുന്നു ഇതുവരെയുള്ള ധാരണ.
ചൈനീസ് പേടകം കഴിഞ്ഞ ഡിസംബറിലാണ് ചന്ദ്രോപരിതലത്തില്നിന്ന് പാറകളും മറ്റും ഭൂമിയില് എത്തിച്ചത്. അമേരിക്കയും സോവിയറ്റ് യൂണിയനും എഴുപതുകളിലാണ് ചാന്ദ്രദൗത്യം നടത്തിയത്.
ബഹിരാകാശത്തെ സ്വന്തം നിലയത്തില് ശനിയാഴ്ച മൂന്നുപേരെക്കൂടി ചൈന എത്തിച്ചു. ചന്ദ്രനില് റോബോട്ടുകളെ ഇറക്കി കൂടുതല് സാമ്പിള് ശേഖരിക്കാനും ഇതുവരെ പരിശോധിക്കപ്പെടാത്ത ചന്ദ്രമേഖലകളില് ചെന്നെത്താനുമാണ് നിലയത്തിലെ യാത്രികര് ലക്ഷ്യമിടുന്നത്.