ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരവുമായി മുന്നോട്ട് പോകണമെന്ന് ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ. അതിർത്തിയിലെ സംഘർഷങ്ങൾക്കും മത്സരം റദ്ദാക്കാനുള്ള ആഹ്വാനങ്ങൾക്കും ഇടയിലാണ് മുൻ ബാഡ്മിന്റൺ താരത്തിന്റെ പ്രതികരണം.
താൻ അഭിപ്രായം പറയാൻ അധികാരമുള്ള ആളല്ല എന്ന് സൂചിപ്പിച്ചുകൊണ്ട്, കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത് എന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് വ്യക്തിപരമായി തോന്നുന്നത് കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത്, അതുമായി മുന്നോട്ട് പോകണം, എന്നാണ്, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അത് സംഭവിച്ചാലും ഇല്ലെങ്കിലും, എനിക്കൊരു അധികാരവുമില്ല, ഞാൻ അഭിപ്രായം പറയാൻ ആരുമല്ല,” പദുക്കോൺ പറഞ്ഞു.
“എന്നാൽ നിങ്ങൾ എന്റെ വ്യക്തിപരമായ അഭിപ്രായം ചോദിക്കുകയാണെങ്കിൽ, മത്സരവുമായി മുന്നോട്ട് പോകണമെന്ന് ഞാൻ കരുതുന്നു, നേരത്തെ അവർ കളിച്ചിട്ടുണ്ട്, അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇത്.” അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ സ്പോർട്സ് മാനേജ്മെന്റ് കമ്പനിയും നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയും ചേർന്ന് തുടങ്ങുന്ന ബാഡ്മിന്റൺ പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രകാശ് പദുക്കോൺ.
ഒക്ടോബർ 24ന് ആണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം. കശ്മീരിൽ ഈയിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കണമെന്ന് ബിജെപിയുടെയും എഎപിയുടെയും നേതാക്കളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ മറ്റൊരു ടീമിനെതിരെ കളിക്കാൻ ഒരു ടീമിനും വിസമ്മതിക്കാൻ സാധിക്കാത്തത്തിനാൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ കളിക്കേണ്ടിവരുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
The post കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത്; ഇന്ത്യ-പാക് മത്സരവുമായി മുന്നോട്ട് പോകണം: പ്രകാശ് പദുക്കോൺ appeared first on Indian Express Malayalam.