തിരുവനന്തപുരം: കോൺഗ്രസ് സഖ്യത്തോടുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ദേശീയതലത്തിൽ നിലപാടെന്ന രീതിയിലാണ് സി.പി.എമ്മിൽ ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് ഒരിക്കലും ബി.ജെ.പിക്ക് ബദൽ അല്ലെന്നും നിലവിൽ കോൺഗ്രസ് നശിച്ച് നാമാവിശേഷമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഖേദകരമാണെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ പിണറായി പറയുന്നു.
സ്വാതന്ത്ര്യസമര കാലം മുതൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇപ്പോൾ സ്വയം നശിക്കാൻ അവർ തീരുമാനിച്ച സ്ഥിതിയാണ്. ഇതിൽ നിന്ന് അവരെ രക്ഷിക്കാൻ മറ്റാർക്കും കഴിയില്ല. രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ മതേതരത്വത്തിന്റെ അശമുള്ള പാർട്ടിയായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതും ഖേദകരവുമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നത് അവരുടെ നേതാക്കൾ പരസ്യമായി പറയുന്നുവെന്നും പിണറായി ലേഖനത്തിൽ പറയുന്നു.
സമീപകാല രാഷ്ട്രീയത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളെ ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ലേഖനം. കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്നവർ പോലും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നു. കർണാടകയിൽ റിസോർട്ടിലേക്ക് മാറ്റിയ പല കോൺഗ്രസ് എം.എൽ.എമാരും ഇന്ന് ബി.ജെ.പി എംഎൽഎമാരാണ്. അധികാരത്തിന് വേണ്ടി മറുപക്ഷത്ത് ചാടി പാർട്ടി ഭരണത്തെ അട്ടിമറിച്ച ചരിത്രമാണ് കോൺഗ്രസിലെ പല നേതാക്കൾക്കും.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ഒരു ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ മുതൽ നിരവധി നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കളുടെ പട്ടിക മുഖ്യമന്ത്രി നിരത്തുന്നത്. എന്നാൽ കേരളത്തിൽ സ്ഥിതിമറ്റൊന്നാണ്. ബി.ജെ.പി അല്ല കോൺഗ്രസ് വിടുന്ന നേതാക്കൾ തിരഞ്ഞെടുക്കുന്നത്. മതനിരപേക്ഷതയെ അനുകൂലിക്കുന്ന നേതാക്കൾ ഇടത്പക്ഷത്തേക്ക് വരികയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
കോൺഗ്രസിന് അസ്ഥിത്വം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് പാർട്ടി തലപ്പത്തുള്ള പലരും സംഘപരിവാർ മനസ്സുള്ളവരാണെന്നും അടുത്തിടെ പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന കെ.പി അനിൽ കുമാർ പറഞ്ഞതും മുഖ്യമന്ത്രി കുറിച്ചു. കെ.പി.സി.സി സെക്രട്ടറിമാരുൾപ്പെടെ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയതും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.ദേശീയതലത്തിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാക്കൾ പോലും കോൺഗ്രസ് വിട്ട ശേഷം കേരളത്തിൽ ഇടത് മുന്നണിക്ക് ഒപ്പമാണെന്നും പി.സി ചാക്കോയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പറയുന്നു.
കേരളത്തിൽ ബി.ജെ.പി അല്ല കോൺഗ്രസിന് ബദൽ എന്ന് ഉന്നിപ്പറയുകയാണ് മുഖ്യമന്ത്രി ലേഖനത്തിലൂടെ. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയിൽ മുതിർന്ന നേതാക്കൾ പരിതപിക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
Content Highlights: Congress not the alternative for BJP says CM Pinarayi vijayan