പെൺകുട്ടിയും അമ്മയും കഴിഞ്ഞ ദിവസംഎറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2013ലാണ് പീഡനം നടന്നത്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 17 വയസുകാരിയായ പെൺകുട്ടിയെ കലൂരിലെ വീട്ടിലും കൊച്ചിയിൽ തന്നെയുള്ള മറ്റൊരു വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് മോൺസനെതിരെ കേസ്. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയത്.
മോൺസനെതിരെ പരാതി നൽകാൻ ഭയമുള്ളതിനാലാണ് പോലീസിൽ പരാതി നൽകാൻ മടിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകി. മോൺസനെതിരായ തട്ടിപ്പ് കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ പീഡനപരാതി ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്. കോടികളുടെ തട്ടിപ്പ് കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൺസനുള്ളത്.
മോൺസനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കൂടുതൽ വ്യക്തതയുണ്ടാകാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചുള്ളത്. മോൺസനുമായി തെറ്റിപ്പിരിയുന്നതിന് മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
ബലാത്സംഗക്കേസിൽ നിന്ന് സുഹൃത്തുക്കളെ രക്ഷിക്കാൻ ഉന്നത സ്വാധീനമുപയോഗിച്ച് മോൺസൻ ഇടപെട്ടുവെന്ന പരാതിയുമായി ഒരു യുവതി മുൻപ് രംഗത്തുവന്നിരുന്നു. ആലപ്പുഴ സ്വദേശിയും മോൺസൻ്റെ ബിസിനസ് പങ്കാളിയുമായ ശരത്ത് എന്നയാൾക്കെതിരെ
യുവതി പോലീസിൽ പീഡന പരാതി നൽകിയിരുന്നു. ഈ കേസിൽ മോൺസൻ ഇടപെട്ടുവെന്നാണ് യുവതിയുടെ ആരോപണം.
വിവാഹവാഗ്ദാനം നൽകി ശരത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. “കല്യാണം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് ശരത്ത് എന്നെ വന്നു കണ്ടിരുന്നു. എൻ്റെ കുടുംബത്തെയും നേരിട്ട് കണ്ടിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് ശേഷം സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ മോൺസന് നൽകുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തി. നഗ്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി” – എന്നും യുവതി വ്യക്തമാക്കിയിരുന്നു.
പീഡന പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ എന്നെയും സഹോദരനെയും ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. പീഡന പരാതി ജാമ്യമില്ലാ വകുപ്പായിട്ട് പോലും അവര്‍ക്ക് ജാമ്യം ലഭിച്ചു. മോൺസൻ്റെ ഉന്നതരുമായുള്ള സ്വാധീനം ഉപയോഗിച്ചാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസ് നടപടികളോട് അനുകൂല നിലപാട് സ്വീകരിക്കുകയും കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഇടപെടലിലൂടെ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു. പോലീസിൽ നൽകിയ പരാതികളും മറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മോൺസന് അപ്പപ്പോൾ തന്നെ ലഭിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.