കോഴിക്കോട്: ബലക്ഷയത്തിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ബസ്സുകൾ അടിയന്തരമായി മാറ്റണമെന്ന് പറഞ്ഞെങ്കിലും പാട്ടക്കരാർ തിരിമറി ആരോപണം ശക്തമായതോടെ മെല്ലപ്പോക്കിലാണ് അധികൃതർ. രണ്ടാഴ്ചയ്ക്കുള്ളിൽ ബസ്സുകളെ മൊഫ്യൂസൽ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന് പറഞ്ഞ് ഉത്തരവിറക്കിയ ഗതാഗത വകുപ്പ് നാലാഴ്ചയായിട്ടും ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾ മിണ്ടുന്നേയില്ല. ഇതിനിടെ ബസ്സുകൾക്കൊപ്പം കിയോസ്കുകളെ കൂടെ ടെർമിനൽ നിന്നും ഓടിക്കാനുള്ള വഴിയായിട്ട് കൂടിയാണ് ബലക്ഷയമെന്ന ഭീതിയുണ്ടാക്കിയതെന്നും ജീവനക്കാർ പറയുന്നു.
ഏറെ മുറവിളികൾക്ക് ശേഷമായിരുന്നു ടെർമിനലിൽ കിയോസ്കുകൾ തുടങ്ങാൻ കെ.ടി.ഡി.എഫ്.സി സമ്മതിച്ചത്. കോഴിക്കോട് ജില്ലാ ജയിലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം ഇവിടെ യാത്രക്കാർക്ക് ലഘുഭക്ഷണങ്ങൾ നൽകുന്ന കിയോസ്കുകൾ ആരംഭിക്കാൻ ഒരുങ്ങിയത്. പക്ഷെ കെ.ടി.ഡി.എഫ്.സി ചില യൂണിയൻ നേതാക്കളെ വരുതിയിലാക്കി പ്രതിഷേധമുണ്ടാക്കി അത് മുടക്കിപ്പിച്ചു. പകരം മറ്റ് രണ്ട് കിയോസ്കുകൾക്ക് പ്രവർത്തിക്കാൻ സമ്മർദ്ദം മൂലം കെ.ടി.ഡി.എഫ്.സിക്ക് സമ്മതിക്കേണ്ടിയും വന്നു. ഈ കിയോസ്കുകൾക്ക് ചതുരശ്ര അടിക്ക് 1600 രൂപ തോതിലായിരുന്നു 15 വർഷ കാലയളവിലേക്ക് വാടക നിശ്ചയിച്ചത്. അതേ സമയം കെട്ടിടം ഇപ്പോൾ നടത്തിപ്പിന് ഏറ്റെടുത്തിരിക്കുന്ന ആലിഫ് ബിൽഡേഴ്സിന് ചതുരശ്ര അടിക്ക് 13 രൂപയും നിശ്ചയിച്ചു. ലഘുഭക്ഷണ കൗണ്ടറിന്റേതടക്കമുള്ള അഞ്ചു കിയോസ്കുകളിൽ നിന്നായി ഏഴ് ലക്ഷം രൂപ മാസത്തിൽ കെ.ടി.ഡി.എഫ്.സി പിരിച്ചെടുക്കുമ്പോൾ പത്ത് നിലകൾ വീതമുള്ള രണ്ട് ടവറുകളിൽ നിന്നായി ആലിഫിൽ നിന്ന് ശാപമോക്ഷത്തിന്റെ പേരിൽ പിരിച്ചെടുക്കുന്നത് 47 ലക്ഷം രൂപ മാത്രമാണ്.
ആദ്യ ഘട്ടത്തിൽ 50 കോടി രൂപ അഡ്വാൻസും 50 ലക്ഷം രൂപ മാസ വാടകയും നിശ്ചയിച്ച് മാക് എന്ന പേരിലുള്ള കമ്പനി ഉറപ്പിച്ച നടത്തിപ്പ് കരാറാണ് ഇപ്പോൾ ഇതേ കമ്പനി പേര് മാറ്റി 17 കോടി രൂപ അഡ്വാൻസിനും 43 ലക്ഷം രൂപ മാസ വാടകയ്ക്കും എടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് ശാപമോക്ഷമെന്ന പേരിൽ കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനവും ആഢംഭരത്തിന്റെ പ്രതീകമായിരുന്നു. ഏകദേശം 38 ലക്ഷം രൂപയാണ് ഉദ്ഘാടനത്തിന് മാത്രമായി പൊടിച്ചത്.
അടിമുടി ദുരൂഹത
കോർപ്പറേഷന്റെ പ്രാഥമിക അനുമതി പോലും വാങ്ങാതെയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് 10 നിലകളിലുള്ള ടെർമിനൽ പണിതത്. 328460 ചതുരശ്ര അടി കെട്ടിടം ഒരു തരത്തുള്ള സൗകര്യവുമില്ലാത്തത് കൊണ്ട് വൈദ്യുതി കണക്ഷൻ പോലും ലഭിക്കാതെ പൊടിപിടിച്ച് കിടുന്നതും കോഴിക്കോട്ടുകാർ കണ്ടതാണ്. പക്ഷെ തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ കോർപ്പറേഷനും നിസ്സഹാരായിപ്പോയി. നിയമ ലംഘനങ്ങൾ കണ്ടതോടെ 12 കോടി രൂപയോളം പിഴയടക്കാനും കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. അതും ചില രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഇടപെടൽ കൊണ്ട് കോർപ്പറേഷന് വേണ്ടെന്ന് വെക്കേണ്ടി വന്നു. ബലക്ഷയമെന്ന് പറഞ്ഞ് അടിയന്തരമായി സ്റ്റാൻഡ് മാറ്റണമെന്ന് പറഞ്ഞ ഗതാഗത വകുപ്പ് സെക്കൻഡ് ഒപ്പീനിയൻ നോക്കട്ടെ എന്നിട്ടാവാം സ്റ്റാൻഡ് മാറ്റൽ എന്ന നിലപാടിലാണിപ്പോൾ. ബസ്സുകൾ കയറുന്നത് പോലും അപകടമാണ് എന്ന് ആദ്യഘട്ടത്തിൽ വിലയിരുത്തിയവർ എന്തേയിപ്പോൾ പിന്നോട്ട് പോവുന്നുവെന്നതിനും ഉത്തരമില്ല.
കയ്യൊഴിഞ്ഞ് ആർക്കിടെക്ട്
2009-ൽ പണി തുടങ്ങിയ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഏറ്റവും വിമർശിക്കപ്പെട്ടത് ഇതിന്റെ രൂപകൽപ്പന തന്നെയായിരുന്നു. ഇടുങ്ങിയ തൂണുകൾക്കിടയിലൂടെ ബസ്സുകൾക്ക് പരിക്ക് പറ്റാതെയുള്ള പാർക്കിംഗ് നടത്തുന്ന ഡ്രൈവർമാർ ഇത് രൂപകൽപ്പന ചെയ്ത ആർക്കിടെക്ടിനെ ശപിക്കാത്ത ദിവസമുണ്ടായിരുന്നില്ല. എന്നാൽ വാണിജ്യാവശ്യത്തിന് കൂടുതൽ പ്രധാന്യം നൽകിയുള്ളതാവണം ഡിസൈൻ എന്ന് തനിക്ക് കിട്ടിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ളൊരു രൂപകൽപ്പന നടത്തിയതെന്നാണ് ഇതിന്റെ ആർക്കിടെക്ടായ ആർ.കെ രമേശ് പറയുന്നത്. തനിക്ക് പ്രോജക്ട് മാനേജ്മെന്റോ സൂപ്പർവിഷനോ ഉണ്ടായിരുന്നില്ലെന്നും ആർ.കെ രമേശ് പറഞ്ഞു.
താൻ സമർപ്പിച്ച ഡിസൈൻ കെ.എസ്.ആർ.ടി.സി പൂർണമായും അംഗീകരിക്കുകയും യാതൊരു മാറ്റവും ആവശ്യപ്പെടാതെ കെ.ടി.ഡി.എഫ്.സിയെ ഏൽപ്പിച്ചുവെന്നും പിന്നീട് കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും ഡിസൈനിന് അനുമതി നൽകിയെന്നും ആർ.കെ രമേശ് ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ മേൽനോട്ടവും നടത്തിപ്പും കെ.ടി.ഡി.എഫ്.സി നേരിട്ടാണ് നടത്തിയതെന്നും അതുകൊണ്ട് ബലക്ഷയം ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദി അവർ തന്നെയാണെന്നും ആർ.കെ രമേശ് വ്യക്തമാക്കുന്നു.
Content Highlights: Kozhikkode KSRTC Terminal