എറണാകുളം: യാത്രക്കാരെ ആകർഷിക്കാൻ യാത്രാ നിരക്കിൽ ഇളവ് വരുത്തി കൊച്ചി മെട്രോ. നിശ്ചിത സമയങ്ങളിൽ യാത്രാനിരക്ക് 50 ശതമാനം ആയാണ് ഇളവ് വരുത്തിയിരിക്കുന്നത്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, കൊച്ചി മെട്രോ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചുവെന്നാണ് മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.
ഒക്ടോബർ 20 മുതലായിരിക്കും ഇത് നടപ്പിലാകുക. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽതിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ രാത്രി 10.50 വരെയും മെട്രോകളിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.