കൂട്ടിക്കൽ> ഉരുൾ ഉയിരെടുത്ത കുടുംബത്തിന് ഞെട്ടൽമാറാത്ത കാവാലി അന്ത്യയാത്രയേകി. മൂന്നുദിവസംമുമ്പുവരെ ആ നാടിന്റെ ഭാഗമായിരുന്നവർ നിശ്ചല ദേഹങ്ങളായി സെന്റ് മേരീസ് പള്ളിയുടെ അങ്കണത്തിൽ കിടന്നപ്പോൾ അവസാനമായി അവരെ കാണാനെത്തിയ കണ്ണുകൾ ഈറനണിഞ്ഞു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ റോയി (47), അമ്മ ക്ലാരമ്മ (65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന (12), സാന്ദ്ര (10) എന്നിവർക്ക് പള്ളിസെമിത്തേരിയിൽ അന്ത്യ വിശ്രമമൊരുക്കി. ഉരുൾപൊട്ടലിൽ അലറിയെത്തിയ മലവെള്ളത്തിൽ ഇവരുടെ വീടടക്കം കുത്തിയൊലിച്ചുപോകുകയായിരുന്നു. സംസ്കാരചടങ്ങുകൾ പൂർണമായും സർക്കാർ ചെലവിലായിരുന്നു.
കോട്ടയം മെഡിക്കൽകോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ തിങ്കളാഴ്ച പകൽ ഒന്നോടെ കാവാലി സെന്റ് മേരീസ് പള്ളിയിലെത്തിച്ചു. ഇവരുടെ വീടിരുന്ന, ഇന്ന് മണ്ണ് മാത്രമായ മലയുടെ സമീപത്തുള്ള വഴിയിലൂടെ മൃതദേഹങ്ങൾ ആംബുലൻസുകളിൽ പോയപ്പോൾ വഴിയരികിൽ നിശബ്ദരായി നാട്ടുകാർ നിന്നിരുന്നു. തുടർന്ന് പള്ളിയങ്കണത്തിലേക്ക് നാടാകെ ഒഴുകിയെത്തി. ആ നാട്ടിൽ പാറിപ്പറന്നുനടന്ന മൂന്നു കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ സംസ്കാരചടങ്ങിന് എത്തിയവർ നൊമ്പരം കടിച്ചമർത്തി. കുട്ടികളുടെ സഹപാഠികളും അധ്യാപകരും അവരെ ഒരുനോക്കുകാണാൻ എത്തി.
സിനിയുടെ അച്ഛൻ സേവ്യർ, അമ്മ ബേബി എന്നിവരെ ആശ്വസിപ്പിക്കാൻ മറ്റു ബന്ധുക്കൾ പാടുപെട്ടു. അവരെ താങ്ങിപ്പിടിച്ച് സിനിയുടെ സഹോദരങ്ങൾ സനേഷും സജിയും മുഴുവൻ സമയം ഒപ്പമുണ്ടായിരുന്നു. പാലക്കാട് മണ്ണാർക്കാട്ടാണ് സിനിയുടെ കുടുംബം. ഭർത്താവിനും മക്കൾക്കുമൊപ്പം നാലുമാസംമുമ്പാണ് അവസാനമായി സിനി അവിടെ പോയത്.
മന്ത്രിമാരായ വി എൻ വാസവൻ, കെ രാധാകൃഷ്ണൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, മോൻസ് ജോസഫ്, കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ്പ്രസിഡന്റ് ടി എസ് ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.